കലയിലൂടെയും സാഹിത്യത്തിലൂടെയും ജീവിത മൂല്യങ്ങൾ ആർജിച്ചെടുക്കാൻ പുതുതലമുറ തയ്യാറാകണം; കെ.പി. രാമനുണ്ണി

കോഴിക്കോട്: കലയിലൂടെയും സാഹിത്യത്തിലൂടെയും ജീവിത മൂല്യങ്ങൾ ആർജിച്ചെടുക്കാൻ പുതുതലമുറ തയ്യാറാകണമെന്ന് കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് ജേതാവ് കെ.പി. രാമനുണ്ണി അഭിപ്രായപ്പെട്ടു. കോഴിക്കോട് റവന്യു ജില്ലാ കലോത്സവത്തിൻ്റെ ഭാഗമായി മാനാഞ്ചിറ ഓപ്പൺ സ്റ്റേജിൽ സംഘടിപ്പിച്ച സാംസ്കാരിക സദസ്സിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജീവിത സാഹചര്യങ്ങളോട് സമരസപ്പെട്ട് ജീവിക്കാനും തിരിച്ചറിവ് ഉണ്ടാകാനും കലയിലൂടെ സാധിക്കുമെന്ന് അദ്ദേഹം ഉദ്ഘാടന പ്രസംഗത്തിൽ കൂട്ടിച്ചേർത്തു. റവന്യു ജില്ല വിദ്യാഭ്യാസ ഉപ ഡയറക്ടറും ജനകൺവീനറുമായ മനോജ് മണിയൂർ അധ്യക്ഷത വഹിച്ചു.

കലോത്സവത്തിൻ്റെ ഭാഗമായി 2 ദിവസമാണ് സാംസ്കാരിക സദസ്സ് സംഘടിപ്പിക്കുന്നത്. സാഹിത്യകാരൻ പി.കെ. പാറക്കടവ് മുഖ്യാതിഥിയായി പങ്കെടുത്തു. ആർ ഡി ഡി. എം. സന്തോഷ് കുമാർ, വിദ്യാകിരണം കോഡിനേറ്റർ വി.വി വിനോദ്, സാംസ്കാരിക സമിതി കൺവീനർ ബിജു കാവിൽ, എം.ജി. ബൽരാജ്, വി.എം. അഷറഫ്, രഞ്ജീഷ് ആവള എന്നിവർ സംസാരിച്ചു. ശ്രീജിത്ത് വിയ്യൂർ മാന്ത്രിക സല്ലാപം ഒരുക്കി. മജീഷ് കാരയാട്, സുമേഷ് താമരശ്ശേരി എന്നിവർ സംഗീത വിരുന്നൊരുക്കി. നിശാഗന്ധി, ടീം മരുതൂർ എന്നിവർ തിരുവാതിര അവതരിപ്പിച്ചു.
