തമിഴ്നാട്ടിൽ അധ്യാപികയെ ക്ലാസിൽ കയറി കുത്തിക്കൊന്നു; പ്രതി അറസ്റ്റിൽ

തഞ്ചാവൂർ: തമിഴ്നാട്ടിൽ തഞ്ചാവൂരിനടുത്ത് മല്ലിപ്പട്ടണത്തിൽ അധ്യാപികയെ ക്ലാസിൽ കയറി കുത്തിക്കൊന്നു. മല്ലിപട്ടണം ഗവ. ഹയർസെക്കൻഡറി സ്കൂളിലെ അധ്യാപികയായ രമണി (26) യാണ് കൊല്ലപ്പെട്ടത്. പ്രതിയായ എം മദനെ (30) പൊലീസ് അറസ്റ്റ് ചെയ്തു.

വിവാഹ അഭ്യർത്ഥന നിരസിച്ചതിനെ തുടർന്നാണ് മദൻ രമണിയെ കുത്തിക്കൊലപ്പെടുത്തിയതെന്നാണ് വിവരം. രാവിലെ സ്കൂളിൽ രമണി ക്ലാസെടുക്കുമ്പോൾ വിദ്യാർത്ഥികളുടെ മുന്നിൽ വെച്ചായിരുന്നു കൊലപാതകം. കൈയിൽ ഒളിപ്പിച്ച കത്തി ഉപയോഗിച്ച് അധ്യാപികയുടെ കഴുത്തിൽ കുത്തുകയായിരുന്നുവെന്ന് പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തി. മദനെ ചോദ്യം ചെയ്തുവരികയാണെന്ന് തമിഴ്നാട് പൊലീസ് അറിയിച്ചു.

