KOYILANDY DIARY.COM

The Perfect News Portal

പുനത്തിൽ കുഞ്ഞബ്ദുള്ള സ്മാരക ട്രസ്റ്റ് “പുനത്തിൽ സ്മൃതി’ സംഘടിപ്പിച്ചു

വടകര: പുനത്തിൽ കുഞ്ഞബ്ദുള്ള സ്മാരക ട്രസ്റ്റ് “പുനത്തിൽ സ്മൃതി’ സംഘടിപ്പിച്ചു. ഫോട്ടോഗ്രാഫർ ഡി മനോജിന്റെ ‘സ്മാരക ശിലകളിലൂടെ’ എന്ന ഫോട്ടോഗ്രാഫി പുസ്തകത്തിന്റെ പ്രകാശനവും അനുസ്മരണവും നഗരസഭ സാംസ്കാരിക ചത്വരത്തിൽ ടി പത്മനാഭൻ ഉദ്ഘാടനം ചെയ്തു. എന്റെ മനസ്സിൽ കുഞ്ഞബ്ദുള്ളയോടുള്ള സ്നേഹം അദ്ദേഹം ജീവിച്ചിരുന്ന കാലത്തുതന്നെ വ്യക്തമാക്കിയതാണെന്ന്‌ പത്മനാഭൻ പറഞ്ഞു.
ശുദ്ധഹൃദയനായിരുന്നു. പല ബാഹ്യ പ്രേരണകൾക്കും എളുപ്പത്തിൽ വിധേയനാകും. അത് അറിയാവുന്നതുകൊണ്ടാണ് എനിക്ക് അദ്ദേഹത്തോട് എന്നും സ്നേഹം. അപാരമായ കഴിവുകൾ മുഴുവൻ നിസ്സാരകാര്യങ്ങൾക്കുവേണ്ടി ധൂർത്തടിച്ചു. എനിക്കെതിരെ കേസ് കൊടുത്തു. ഒരു വർഷത്തോളം ഞാൻ കഷ്ടപ്പെട്ടു. ആരാണ് ഇത് ചെയ്യിച്ചതെന്നും ആർക്ക് വിധേയനായാണ് ഇത് ചെയ്തതെന്നും എനിക്ക് അറിയാമെന്നും പത്മനാഭൻ പറഞ്ഞു. എം മുകുന്ദൻ പുസ്തകം ഏറ്റുവാങ്ങി.
കുഞ്ഞിക്കയുടെ കൈയിലെ പേനക്ക് ഒരു മാന്ത്രികസ്പർശം ഉണ്ടായിരുന്നു. എന്ത് എഴുതിയാലും അത് നമ്മളെ വായിക്കാൻ പ്രേരിപ്പിക്കുന്നതാണെന്ന്‌ എം മുകുന്ദൻ പറഞ്ഞു. രാജേന്ദ്രൻ എടുത്തുംകര അധ്യക്ഷനായി. കെ വി സജയ്, വി ടി മുരളി, കെ ശ്രീധരൻ, ഡി മനോജ്, പാലേരി രമേശൻ എന്നിവർ സംസാരിച്ചു. ടി രാജൻ സ്വാഗതവും കെ സി പവിത്രൻ നന്ദിയും പറഞ്ഞു.

 

Share news