KOYILANDY DIARY.COM

The Perfect News Portal

ബേപ്പൂരിൽനിന്ന് ഒരു ഉരുകൂടി നീറ്റിലേക്ക്

ഫറോക്ക്: ബേപ്പൂരിലെ വിദഗ്ധരായ തച്ചന്മാരുടെ കരവിരുതിൽ നിർമാണം പൂർത്തിയാക്കിയ ഒരു ഉരുകൂടി നീറ്റിലേക്ക്. ബേപ്പൂർ കക്കാടത്തെ പണിശാലയിൽ നിർമിച്ച ആഡംബര ജലനൗക (ഉരു) ഞായറാഴ്ചയോടെ പൂർണ്ണമായും വെള്ളത്തിലിറക്കാനായേക്കും. കസ്റ്റംസ്, എമിഗ്രേഷൻ നടപടി പൂർത്തിയായാൽ ഖത്തറിലേക്ക്‌ കുതിക്കും. ബേപ്പൂരിലെ മാപ്പിള ഖലാസികളുടെ സംഘമാണ് ബുധനാഴ്ച രാവിലെ ഉരു വെള്ളത്തിലിറക്കാനാരംഭിച്ചത്‌.
മൂപ്പന്മാരായ അബ്ദുറഹിമാൻ, കുഞ്ഞിമോൻ എന്നിവരുടെ നേതൃത്വത്തിൽ വിഞ്ചും കപ്പിയും കയറും ചെയിനുമുപയോഗിച്ച് പരമ്പരാഗത രീതിയിൽ ഈണത്തിലും താളത്തിലും വായ്ത്താരികൾ പാടിയാണ് നീറ്റിലിറക്കൽ യജ്ഞം. ബേപ്പൂർ ബിസി റോഡ് കക്കാടത്ത് നദിക്കരയിലെ ഉരുപ്പണിശാലയിൽ പ്രശസ്ത തച്ചൻ ബേപ്പൂർ എടത്തൊടി സത്യന്റെ നേതൃത്വത്തിൽ നിർമാണമാരംഭിച്ച രണ്ടു ഉരുക്കളിൽ ഒന്നാണ്‌ ഖത്തറിലേക്കയക്കുന്നത്. രണ്ടിന്റെയും നിർമാണം പൂർത്തിയായി.
ഖത്തറിൽ രാജകുടുംബങ്ങൾ, വിവിഐപികൾ ഉൾപ്പെടെയുള്ളവരുടെ വിനോദയാത്രകൾക്കാണ്‌ ഈ നൗക ഉപയോഗിക്കുക. ഖത്തറിൽ എത്തിച്ചശേഷം 500 കുതിരശക്തിയുള്ള രണ്ടും മൂന്നും എൻജിനുകൾ ഘടിപ്പിച്ച് പത്തും പതിനഞ്ചും കോടി രൂപവരെ മുടക്കി രാജകൊട്ടാരങ്ങൾക്ക് സമാനമായ സൗകര്യം ഒരുക്കും. പിൻഭാഗം തുറന്ന “സാം ബൂക്ക്’ മാതൃകയിലുള്ള ഉരുവിന് 140 അടി നീളവും 33 അടി വീതിയും മധ്യഭാഗം 12 .5 അടി ഉയരവും രണ്ടുതട്ടുകളുമുണ്ട്.
പുറംഭാഗം തേക്കിലും  മറ്റു ഭാഗങ്ങൾ വാക, കരിമരുത് തുടങ്ങിയ മരങ്ങളിലുമാണ് നിർമിച്ചത്.  നീറ്റിലിറക്കൽ ചടങ്ങിന്‌  ബേപ്പൂർ ഖാസി പി ടി മുഹമ്മദലി മുസ്ല്യാർ നേതൃത്വം നൽകി. കോർപറേഷൻ കൗൺസിലർമാരായ കെ രാജീവ്, എം ഗിരിജ, ബേപ്പൂർ പോർട്ട് ഓഫീസർ ക്യാപ്റ്റൻ ഹരി അച്ചുതവാര്യർ, ഷിനു പിണ്ണാണത്ത്, പ്രേമൻ കരിച്ചാലിൽ തുടങ്ങിയവർ പങ്കെടുത്തു.

 

Share news