KOYILANDY DIARY.COM

The Perfect News Portal

നൊച്ചാട് ഹയർ സെക്കണ്ടറി സ്കൂൾ മികച്ച മാതൃക; ടി പി രാമകൃഷ്ണൻ എംഎൽഎ

വെള്ളിയൂർ: നൊച്ചാട് ഹയർ സെക്കണ്ടറി സ്കൂളിൽ വെച്ച് നടക്കുന്ന പേരാമ്പ്ര ഉപജില്ലാ സ്കൂൾ കലോത്സവം എൽ. ഡി.എഫ്.കൺവീനറും മുൻ മന്ത്രിയും പേരാമ്പ്ര എം.എൽ.എ.യുമായ ടി.പി.രാമകൃഷ്ണൻ ഔപചാരികമായി ഉദ്ഘാടനം ചെയ്തു. ഇന്ത്യൻ ഭരണഘടനയുടെ സന്ദേശം, ഭരന്ന ഘടനയുടെ ആമുഖം എല്ലാവരെയും ഓർമ്മിപ്പിക്കുവാനും, എല്ലാവരിലും എത്തിക്കുവാനും കഴിയത്തക്ക രീതിയിലുള്ള വലിയ സാമൂഹ്യ ഉത്തരവാദിത്തം ഈ കലോത്സവുമായി ബന്ധപ്പെട്ട് വിദ്യാർത്ഥികൾക്കിടയിൽ ഉയർത്തിപ്പിടിക്കാൻ സംഘാടകർക്ക് കഴിഞ്ഞു എന്നുള്ളത് വളരെ അഭിമാനാർഹമായ കാര്യമാണെന്ന് ടി.പി.രാമകൃഷണൻ പറഞ്ഞു. ഇക്കാര്യത്തിൽ നൊച്ചാട് ഹയർ സെക്കണ്ടറി സ്കൂൾ എല്ലാവർക്കും മികച്ച മാതൃകകയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ഉദ്ഘാടകൻ ഉൾപ്പെടെ വേദിയിലുള്ള എല്ലാവർക്കും വിവിധ നേട്ടങ്ങൾ കൈവരിച്ച അദ്ധ്യാപകരും വിദ്യാർത്ഥികളുമുൾപ്പെടെയുള്ളവർക്കും ഇന്ത്യൻ ഭരണഘടന ഉപഹാരമായി സമർപ്പിച്ചു കൊണ്ട് നടന്ന ഔപചാരികമായ ഉദ്ഘാടന സമ്മേളനം എല്ലാവർക്കും മാതൃകാപരമായ ഒന്നാണെന്ന് ടി.പി. രാമകൃഷണൻ പറഞ്ഞു. വേദിയിലുള്ള എല്ലാവരും എഴുന്നേറ്റ് നിന്ന് ഭരണഘടനയുടെ ആമുഖം ഉയർത്തിപ്പിടിച്ചു കൊണ്ട് ഫോട്ടോ സെഷനും നടന്നു. നൊച്ചാട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശാരദ പട്ടേരികണ്ടി അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ഷീജാ ശശി മുഖ്യാതിഥിയായിരുന്നു.
പേരാമ്പ്ര ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ കെ.വി.പ്രമോദ്, നടുവണ്ണൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ടി.പി.ദാമോദരൻ മാസ്റ്റർ, പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സി.കെ. പാത്തുമ്മ ടീച്ചർ, മധുകൃഷ്ണൻ മാസ്റ്റർ (വാർഡ് മെമ്പർ), ഷിജി കൊട്ടാരക്കൽ, ആർ.കെ.മുനീർ, എ.വി.അബ്ദുള്ള (സ്കൂൾ മാനേജർ), കെ.പി.റസാഖ്, (പി.ടി.എ.പ്രസിഡണ്ട് നൊച്ചാട് എച്ച്.എസ്.എസ്.) നിത ടീച്ചർ ബി.പി.സി (പേരാമ്പ്ര), പ്രഭാ ശങ്കർ (ബ്ലോക്ക് മെമ്പർ), കലോത്സവ കമ്മിറ്റി കൺവീനർ ആബിദ പുതുശ്ശേരി (പ്രിൻസിപ്പൽ, നടുവണ്ണൂർ ഹയർ സെക്കണ്ടറി സ്കൂൾ, വാകയാട്), എച്ച്.എം.ഫോറം കൺവീനർ ബിജു മാത്യു (പ്രധാനാദ്ധ്യാപകൻ, യു.പി.സ്കൂൾ, കൂരാച്ചുണ്ട്), എം.ബിന്ദു (പ്രധാനാദ്ധ്യാപിക, ഹയർ സെക്കണ്ടറി സ്കൂൾ, നൊച്ചാട്), സ്കൂൾ ലീഡർ മുഹമ്മദ് ഇഷാം ഫാദിൽ വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ എന്നിവരും ആശംസകളർപ്പിച്ച് സംസാരിച്ചു.
എടവന സുരേന്ദ്രൻ, പി.എം. പ്രകാശൻ, കെ.പി. ആലിക്കുട്ടി, സോമൻ ചേനോളി, ലത്തീഫ് വെള്ളിലോട്ട്, കുഞ്ഞിരാമനുണ്ണി, പി.പി.മുഹമ്മദ് എന്നിവരും വേദിയിൽ സന്നിഹിതരായിരുന്നു. സ്കൂൾ പ്രിൻസിപ്പാൾ കെ.സമീർ (ജനറൽ കൺവീനർ) സ്വാഗതവും, പി. ശ്രീജിത്ത് നന്ദിയും പറഞ്ഞു. 
Share news