ജർമൻ വനിതക്ക് കോഴിക്കോട് റെയിൽവെ സ്റ്റേഷനിൽ വെച്ച് തെരുവ് നായയുടെ കടിയേറ്റു

ജർമനിയിൽ നിന്നുള്ള വിനോദ സഞ്ചാരിയായ വനിതക്ക് കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ വെച്ച് തെരുവ് നായയുടെ കടിയേറ്റു. ഇന്നലെ വൈകുന്നേരം നാലരയോടെയാണ് സംഭവം. കോഴിക്കോട് റെയിൽവെ സ്റ്റേഷനിലെ മൂന്നാം പ്ലാറ്റ്ഫോമിലൂടെ നടക്കുമ്പോൾ നായയുടെ ശരീരത്തിൽ അബദ്ധത്തിൽ ചവിട്ടുകയായിരുന്നു. കോഴിക്കോട് നിന്നും കൊച്ചിയിലേക്ക് പോകുകയായിരുന്ന 14 അംഗ സംഘത്തിലെ ജർമ്മൻ വനിത ആസ്ട്രിഡ് ഹ്യൂക്കെലിന്റെ (60) വലതു കാലിനാണ് തെരുവുനായയുടെ കടിയേറ്റത്.

കോഴിക്കോട് നിന്നും കാസർഗോഡ്-തിരുവനന്തപുരം വന്ദേഭാരത് എക്സ്പ്രസിൽ കൊച്ചിയിലേക്ക് പോകാൻ നിൽക്കുമ്പോഴായിരുന്നു തെരുവ്നായയുടെ ആക്രമണം. സംഭവം നടന്ന ഉടൻ തന്നെ ആർപിഎഫ് എഎസ്ഐ സി രഞ്ജിത്തിന്റെ നേതൃത്വത്തിൽ പൊലീസ് സ്ഥലത്തെത്തി. റെയിൽവേ സംഘം വൈദ്യ സഹായവും എത്തിച്ചു. തുടർ ചികിത്സക്ക് ഗവ. മെഡിക്കൽ കോളേജിലേക്ക് പോകാൻ നിർദേശം നൽകിയെങ്കിലും സംഘം യാത്ര തുടരുകയായിരുന്നു. തുടർന്ന് ഇവർ തൃശൂർ റെയിൽവേ സ്റ്റേഷനിൽ ഇറങ്ങിയെങ്കിലും ചികിത്സ തേടിയോ എന്ന് വിവരമില്ല.

