KOYILANDY DIARY.COM

The Perfect News Portal

മയക്കുമരുന്ന് കേസിലെ അന്തർ സംസ്ഥാന കുറ്റവാളിയുടെ തടങ്കൽ ഉത്തരവ് ശരിവെച്ച് ഉപദേശക സമിതി

കോഴിക്കോട്: മയക്കു മരുന്ന് വിൽപ്പനയിലൂടെ പണവും സ്വത്തുക്കളും സമ്പാദിക്കുന്ന ആളുകളെ തടങ്കലിൽ പാർപ്പിക്കുന്നതിനും ഇതുവഴി സമ്പാദിക്കുന്ന സ്വത്തുക്കൾ കണ്ടുകെട്ടുന്നതിനുമായി Prevention of Illicit Trafficking in Narcotic Drugs & Psychotropic Substance Act (PIT NDPS) പ്രകാരം നടപടി സ്വീകരിച്ച് നിലവിൽ ജയിലിൽ കഴിയുന്ന ആളുടെ തടങ്കൽ ഉത്തരവ് ഉപദേശക സമിതി ശരിവെച്ചു ഉത്തരവായി.  
കോഴിക്കോട് ചാത്തമംഗലം ചൂലൂർ നെല്ലിക്കോട് പറമ്പിൽ കൃഷ്ണൻ നായരുടെ മകൻ മുരളീധരൻ എൻ.പി. (40) യ്ക്ക് എതിരെ പുറപ്പെടുവിച്ച ഉത്തരവാണ് ഉപദേശക സമിതി ശരിവെച്ച് ഉത്തരവിറക്കിയത്. കോഴിക്കോട് സിറ്റി പോലീസ് ഈ വർഷം മാർച്ച് മുപ്പതാം തിയ്യതിയാണ് പ്രതിക്കെതിരെ റിപ്പോർട്ട് സമർപ്പിച്ചത്. അന്തർ സംസ്ഥാന മയക്കുമരുന്ന് കച്ചവടത്തിലെ പ്രധാനിയായ പ്രതിക്ക് ആന്ധ്രാ പ്രദേശ് ബംഗാരുപ്പാലം പോലീസ് സ്റ്റേഷനിൽ 96 കിലോ കഞ്ചാവ് വിൽപ്പനക്കായി കൈവശം വെച്ചതിന് കഴിഞ്ഞ വർഷം ഫിബ്രവരി 21 ന് രജിസ്റ്റർ ചെയ്ത കേസും കോഴിക്കോട് മെഡിക്കൽ കോളേജ് പോലീസ് സ്റ്റേഷനിൽ 56 കിലോ കഞ്ചാവ് വിൽപ്പനക്കായി കൈവശം വെച്ചതിന് ഈ വർഷം രജിസ്റ്റർ ചെയ്ത രണ്ടു കേസുകളുമാണ് പരിഗണിച്ചത്.  
ഈ വർഷം മാർച്ച് മാസം സമർപ്പിച്ച റിപ്പോർട്ടിൻെറ അടിസ്ഥാനത്തിൽ സംസ്ഥാന ആഭ്യന്തരവകുപ്പ് ഒരുവർഷ കാലത്തേക്ക് തടങ്കൽ ഉത്തരവ് പുറപ്പെടുവിക്കുകയും തുടർന്ന് 08.08.2024 തിയ്യതി അറസ്റ്റ് ചെയ്ത് നിലവിൽ തിരുവനന്തപുരം സെൻട്രൽ ജയിലിൽ കഴിഞ്ഞുവരികയുമാണ്. തുടർന്ന് ആഭ്യന്തരവകുപ്പ് പുറപ്പെടുവിച്ച തടങ്കൽ ഉത്തരവ് ഉപദേശകസമിതി വിശദമായി പരിശോധിക്കുകയും പ്രതിക്കെതിരെ പുറപ്പെടുവിച്ച പ്രസ്തുത ഉത്തരവ് ശരിവെച്ച് ഉത്തരവാകുകയാണുണ്ടായത്.
മയക്കുമരുന്ന് കേസിൽ ഉൾപ്പെടുന്ന പ്രതികൾക്കെതിരെ പരിശോധനകൾ കർശനമാക്കുമെന്നും മയക്കുമരുന്നുമായി പിടികൂടുന്ന ആളുകളുടെ സ്വത്ത് കണ്ടുകെട്ടുന്നതടക്കമുള്ള PIT NDPS നിയമ പ്രകാരമുള്ള നടപടി സ്വീകരിക്കുന്നതാണെന്നും നാർക്കോട്ടിക്ക് സെൽ അസി. പോലീസ് കമ്മീഷണർ ശ്രീ. കെ.എ. ബോസ് അറിയിച്ചു.
Share news