കേരളപ്പിറവി; പൊലീസ് പരേഡിൽ അഭിവാദ്യം സ്വീകരിച്ച് മുഖ്യമന്ത്രി

കേരളപ്പിറവി, കേരള പൊലീസ് രൂപീകരണദിനം എന്നിവയോടനുബന്ധിച്ചുള്ള പൊലീസ് പരേഡിൽ അഭിവാദ്യം സ്വീകരിച്ച് മുഖ്യമന്ത്രി. കേരള പൊലീസ് രൂപീകരണത്തിന്റെ 68-ാമത് വാർഷിക ദിനചാരണത്തിൽ പങ്കെടുക്കാൻ കഴിഞ്ഞതിലുള്ള സന്തോഷം പങ്കുവെക്കുന്നുവെന്ന് സേനാഗങ്ങളോട് മുഖ്യമന്ത്രി പറഞ്ഞു. ലോകത്തിന് തന്നെ മാതൃകയാകുന്ന ഒട്ടേറെ കാര്യങ്ങൾ നടപ്പിലാക്കിയ സംസ്ഥാനമാണ് കേരളം. പ്രതിസന്ധി ഘട്ടങ്ങളിൽ കേരളം പുലർത്തുന്ന ഐക്യം ലോകമൊട്ടാകെ ശ്രദ്ധിച്ചതാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

കേരള പൊലീസിന്റെ വളർച്ച സമാനതകളില്ലാത്തതാണ്. ഇടതുസർക്കാരിന് കൃത്യമായ പൊലീസ് നയം എല്ലാകാലത്തും ഉണ്ടായിരുന്നു. ജനങ്ങൾക്ക് നീതി ഉറപ്പാക്കുകയാണ് ലക്ഷ്യം. എട്ടര വർഷക്കാലം സേനയിൽ സമഗ്രമായ മാറ്റങ്ങളാണ് വന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. ആർക്കും നിർഭയം ചെന്നു കയറാൻ പറ്റുന്ന ഇടമായി പൊലീസ് സ്റ്റേഷനുകൾ മാറി. കുറ്റവാളികൾക്കെതിരെ മുഖം നോക്കാതെ നടപടികൾ എടുക്കാൻ പൊലീസിനു സാധിക്കുന്നുണ്ട്.

കുറ്റാന്വേഷണത്തിൽ ആധുനിക സാങ്കേതിക വിദ്യ ഏറ്റവും നന്നായി ഉപയോഗിക്കുന്ന സംസ്ഥാനം കേരളമാണ്. നൂതന സാങ്കേതിക വിദ്യകൾ ഉപയോഗപ്പെടുത്താൻ കഴിയുന്നത് ആഭിനന്ദനാർഹമാണെന്നും അദ്ദേഹം പറഞ്ഞു. ഞങ്ങളാണ് ജനങ്ങളുടെ യജമാനന്മാർ എന്ന ഭാവത്തിൽ പ്രവർത്തിക്കുന്നവർ സേനയിൽ ഉണ്ട്. അവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കും. 108 പൊലീസുകാരെ പിരിച്ചുവിട്ടു. സേനക്ക് അവമതിപ്പ് ഉണ്ടാക്കുന്നയാൾക്കാരുണ്ട്.

അത്തരം ആളുകൾക്കെതിരെ നടപടി സ്വീകരിക്കും. സംശുദ്ധിയോടെ പ്രവർത്തിക്കാൻ കഴിയാത്ത ആരും സേനയിൽ വേണ്ട എന്നും മുഖ്യമന്ത്രി പറഞ്ഞു. ഓൺലൈൻ സാമ്പത്തിക തട്ടിപ്പിനെ പറ്റി പോർട്ടലിൽ ലഭിച്ചത് 31, 107 പരാതികളാണ്. 79 കോടിയിലധികം രൂപ തിരിച്ചു പിടിച്ചുവെന്നും, 37807 ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു.

