വെള്ളാർമല ഹൈസ്കൂളിലേക്ക് അക്ഷരയാത്രയുമായി കാഞ്ഞിലശ്ശേരി ബോധി ഗ്രന്ഥാലയം

കൊയിലാണ്ടി: വെള്ളാർമല ഹൈസ്കൂളിലേക്ക് അക്ഷരയാത്രയുമായി കാഞ്ഞിലശ്ശേരി ബോധി ഗ്രന്ഥാലയം. 40,000 രൂപ മുഖവിലയുള്ള പുസ്തകങ്ങൾ സ്കൂൾ ലൈബ്രറിക്ക് കൈമാറി. ദുരന്ത ബാധിതരായ വെള്ളാർമല സ്കൂളിന് ഒരു ഗ്രന്ഥശാലയുടെ അക്ഷര സമ്മാനവുമായി ബോധി ഗ്രന്ഥാലയം പ്രവർത്തകർ വയനാട്ടിൽ. ചേമഞ്ചേരി പ്രദേശത്തെ അക്ഷര സ്നേഹികളിൽ നിന്നും ശേഖരിച്ച ഏകദേശം 40000 രൂപ മുഖവിലയുള്ള 260 പുസ്തകങ്ങൾ സ്കൂളിൽ നടന്ന ചടങ്ങിൽ കുട്ടികളും അധ്യാപകരും ചേർന്ന് ഏറ്റുവാങ്ങി.

ലോകം സമ്മാനിച്ചു കൊണ്ടിരിക്കുന്ന ഈ സ്നേഹവായ്പിന് വായനയിലൂടെ നേടുന്ന പുതു വിജ്ഞാനങ്ങളിലൂടെ മറുപടി നല്കുമെന്ന് സ്കൂൾ അധികൃതർ ഉറപ്പു നൽകി. ഉണ്ണി മാസ്റ്റർ, ബോധി ഗ്രന്ഥാലയം പ്രസിഡണ്ട് ഡോക്ടർ എൻ.വി. സദാനന്ദൻ, സെക്രട്ടറി വി.കെ. വിപിൻദാസ് ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ബിന്ദു സോമൻ, എഴുത്തുകാരൻ അനിൽ കാഞ്ഞിലശ്ശേരി, സ്കൂൾ ലൈബ്രറി ചാർജുള്ള അധ്യാപകൻ ഡോക്ടർ അനീഷ് ചന്ദ്രൻ, യു. സന്തോഷ് കുമാർ, ഗീത കെ.കെ എന്നിവർ സംസാരിച്ചു.
