നെല്യാടി പാലത്തിന് സമീപം കണ്ടൽ ചെടികൾ വ്യാപകമായി വെട്ടി നശിപ്പിക്കുന്നു

.
കൊയിലാണ്ടി: കൊയിലാണ്ടി നഗരസഭ ജൈവ വൈവിദ്യ പാർക്കിൻ്റെ സൈന്ദര്യം നഷ്ടപ്പെടുത്തിക്കൊണ്ട് ചുറ്റുപാടുമുള്ള കണ്ടൽ ചെടികൾ വെട്ടി നശിപ്പിക്കുന്നതായി പരാതി. നെല്യാടി പാലത്തിന് സമീപം കഴിഞ്ഞ ദിവസം എംഎൽഎ കാനത്തിൽ ജമീല ഉദ്ഘാടനം നിർവഹിച്ച സംസ്ഥാന ജൈവവൈവിധ്യ പാർക്കിനോട് ചേർന്ന് സ്ഥലത്തെ കണ്ടൽ കാടുകളാണ് സ്വകാര്യ വ്യക്തി പുഴ കയ്യേറി വ്യാപകമായി വെട്ടി നശിപ്പിച്ചിരിക്കുന്നത്. ഇതിനുമുമ്പും ഇവിടെ വ്യാപകമായി കണ്ടൽ ചെടികൾ നശിപ്പിച്ചിട്ടുണ്ട്. നാട്ടുകാരുടെയും പരിസ്ഥിതി പ്രവർത്തകരും ശക്തമായ ഇടപെടൽ മൂലമാണ് ഇത് തടയാൻ കഴിഞ്ഞത്.

ആഗോളതാപനവും കാലാവസ്ഥ വ്യതിയാനവും ഈ ഭൂമിയിൽ സകല ജന്തു – ജീവജാലങ്ങൾക്കും ഭീഷണി സൃഷ്ടിച്ചു കൊണ്ടിരിക്കുകയാണ്. ഇതോടെ ഈ കേന്ദ്രം കാർബൺ നെറ്റ് സീറോ ആവുകമാത്രമല്ല, കാർബൺ sequestration കാര്യക്ഷമം ആവുകകൂടിയാണ്. ഇവിടുത്തെ വൈവിധ്യമാർന്ന സസ്യലതാദികൾ കാർബൺ ഓക്സയിഡുകളുടെ ഒന്നാംതരം ആഗിരണ മാർഗങ്ങളാണ് നിറവേറ്റുന്നത്.

പ്രകൃതിയുടെ ശ്വാസകോശങ്ങൾ എന്നറിയപ്പെടുന്ന ഈ ചെടി സംരക്ഷിക്കാൻ നഗരസഭയുടെ ബാനർ സ്ഥാപിച്ചതിന് തൊട്ടടുത്താണ് കണ്ടൽ ചെടികൾ വെട്ടി നശിപ്പിച്ചിരിക്കുന്നത് എന്നതാണ് വിരോധാഭാസം. വിവിധയിനം കണ്ടലുകൾ ഇവിടെയുള്ള സ്വാഭാവിക “വനത്തിൽ ” നിലവിലുണ്ട്. കൂടാതെ, 6 കിലോമീറ്റെർ അകലെയുള്ള അണേല കണ്ടൽ മ്യുസിയത്തിലേക്കു പുഴയിലൂടെ ഒരു ജല ഇടനാഴിയിലൂടെ സഞ്ചരിച്ചാൽ നെല്ല്യാടി പുഴയുടെ ഇരുകരകളിലും സമൃദ്ധമായി പടർന്നു പന്തലിച്ചു നിൽക്കുന്ന കണ്ടൽ കാടുകളും അവയിലെ ദേശാടനപ്പക്ഷികൾ, ജലജീവികൾ, ഉഭയജീവികൾ എന്നിവയുടെ പാർപ്പിടവും ആവാസവ്യവസ്ഥാ സംവിധാനവും നേരിട്ട് ദർശിക്കാനാവും.

അസോസിയേറ്റഡ് കണ്ടലുകളുടെ ഒരു വലിയ കേന്ദ്രം കൂടിയാണ് ഇവിടം. തണ്ണീർത്തടം ലോകത്തു അന്യം നിന്നു വരുന്ന “പഫർ ഫിഷ് ” ന്റെ ആവാസ – പ്രജനന കേന്ദ്രവും കൂടിയാണിത്. കൂടാതെ നീർനായ്ക്കൾ, എരണ്ട പക്ഷി ഇവയുടെ ആവാസ സങ്കേതവും ഇവിടുണ്ട്. പ്രകൃതിക്കും ജീവജാലങ്ങൾക്കും ഭീഷണിയായ ഈ കയ്യേറ്റത്തിനെതിരെ ശക്തമായ നിയമ നടപടി സ്വീകരിക്കണമെന്നാണ് ആവശ്യപ്പെട്ട് നാട്ടുകാരും പരിസ്ഥിതി സംരക്ഷണ പ്രവർത്തകരും പ്രതിഷേധവുമായി രംഗത്തിറങ്ങികഴിഞ്ഞു.
