ഇന്ന് ലോക മാനസികാരോഗ്യദിനം

ഇന്ന് ലോക മാനസികാരോഗ്യദിനം. മാനസികാരോഗ്യത്തെക്കുറിച്ചുള്ള അവബോധം ഉണ്ടാക്കുന്നതിന് ലോകാരോഗ്യസംഘടനയുടെ നേതൃത്വത്തിൽ എല്ലാ വർഷവും ഈ ദിനം ആചരിക്കുന്നു. ലോകമെമ്പാടും മാനസികാരോഗ്യപ്രശ്നങ്ങൾ അനുഭവിക്കുന്നവരുടെ എണ്ണം വർധിക്കുന്നുവെന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നു. വ്യക്തി ജീവിതത്തിലും തൊഴിലിടങ്ങളും നേരിടുന്ന പ്രതിസന്ധികളും വെല്ലുവിളികളും മാനസികാരോഗ്യം തകരാറിലാക്കുന്നു.

ഇന്ത്യയിൽ തൊഴിലിടങ്ങളിൽ പതിനെട്ടിനും അറുപത്തിനാലിനും ഇടയിൽ പ്രായമുള്ളവരിൽ നിരാശയും പിരിമുറുക്കവും അനുഭവിക്കുന്നവരുടെ നിരക്ക് ഓരോ വർഷവും കൂടിവരുന്നു. 2015-16ൽ നിംഹാൻസ് സർവേ അനുസരിച്ച് രാജ്യത്ത് 150 ദശലക്ഷം ആളുകൾ മാനസിക പ്രശ്നങ്ങൾ അനുഭവിക്കുന്നു. 2020ൽ ഗ്ലോബൽ ബർഡൻ ഓഫ് ഡിസീസ് സ്റ്റഡി നടത്തിയ റിപ്പോർട്ടിൽ 197 ദശലക്ഷം പേർ ഇത്തരം പ്രശ്നങ്ങൾ നേരിടുന്നതായി കണ്ടെത്തി. 5 വർഷം കൊണ്ട് ഏകദേശം നാല് ശതമാനത്തിന്‍റെ വർധന.

മനസിനുണ്ടാകുന്ന പ്രശ്നങ്ങൾ തിരിച്ചറിയുന്നതിനും ചികിത്സതേടേണ്ടതിന്‍റേയും പ്രാധാന്യം എന്തെന്ന് തിരിച്ചറിയാത്തവരാണ് പലരും. ബോധവൽക്കരണത്തിലൂടെ ഈ പ്രശ്നം പരിഹരിക്കുകയാണ് ലക്ഷ്യം. തൊഴിലിടങ്ങളിൽ മാനസികാരോഗ്യത്തിന് മുന്‍ഗണന നല്‍കുക എന്നതാണ് ഇത്തവണത്തെ പ്രമേയം.

