KOYILANDY DIARY.COM

The Perfect News Portal

തുംഗനാഥ്‌ ക്ഷേത്രം അപകട നിലയിൽ; അസ്തിവാരത്തിന്‌ ബലക്ഷയം

ലോകത്തിലെ തന്നെ ഏറ്റവും ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ശിവക്ഷേത്രം അപകട നിലയിലാണെന്ന് റിപ്പോർട്ടുകൾ. ഉത്തരാഖണ്ഡിൽ രുദ്രപ്രയാഗ് ജില്ലയിലെ തുംഗനാഥ്‌ ക്ഷേത്രമാണ് അപകടനിലയിലുള്ളത്. സമുദ്രനിരപ്പില്‍നിന്ന് 3,680 മീറ്റര്‍ ഉയരത്തിലാണ് തുംഗനാഥ്‌ ക്ഷേത്രം സ്ഥിതിചെയ്യുന്നത്. കുരുക്ഷേത്ര യുദ്ധത്തിന് ശേഷം പാണ്ഡവരാണ് ഈ ക്ഷേത്രം നിര്‍മിച്ചതെന്നാണ് ഐതിഹ്യം.

ക്ഷേത്രത്തിനിപ്പോൾ ചോര്‍ച്ചയും ചെരിവും അനുഭവപ്പെടുന്നുവെന്നാണ് റിപ്പോർട്ടുകൾ. കൂടാതെ ക്ഷേത്ര കെട്ടിടത്തിന്റെ അസ്ഥിവാരത്തിനു ബലക്ഷയവും സംഭവിച്ചിട്ടുണ്ട്. ശക്തമായ മഴയാണ് ക്ഷേത്രത്തിന്റെ ഘടനാപരമായ പ്രശ്‌നങ്ങള്‍ ഗുരുതരമാക്കിയത്. നിരവധി ഭക്തരും വിനോദസഞ്ചാരികളും സന്ദര്‍ശനത്തിനെത്തുന്ന സ്ഥലം കൂടിയാണ് ഈ പുരാതന ക്ഷേത്രം. ഇതിന്റെ സുരക്ഷിതത്വം സംബന്ധിച്ച ആശങ്കകൾ ഇപ്പോൾ തന്നെ ഉയർന്നിട്ടുണ്ട്.

 

ബദ്രിനാഥ് കേദാര്‍നാഥ് ക്ഷേത്രകമ്മിറ്റിയുടെ ആവശ്യപ്രകാരം ജിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ (ജിഎസ്‌ഐ) യും ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ (എഎസ്‌ഐ) യും ക്ഷേത്രപുനരുദ്ധാരണത്തിനുള്ള മാര്‍ഗങ്ങള്‍ തേടുന്നുണ്ട്. പരിശോധനയ്ക്കായി ജിഎസ്‌ഐയും എഎസ്‌ഐയും അവരുടെ വിദഗ്ധസംഘത്തെ അയച്ചിട്ടുണ്ട്. കൂടുതല്‍ കേടുപാടുകളില്‍നിന്ന് ക്ഷേത്രത്തെ സംരക്ഷിക്കുന്നതിനുള്ള നിര്‍ദേശങ്ങള്‍ വിദഗ്ധസംഘം അവതരിപ്പിച്ചിട്ടുണ്ട്.

Advertisements

 

 

സെന്‍ട്രല്‍ ബില്‍ഡിങ് റിസര്‍ച്ച് ഇന്‍സ്റ്റിട്യൂട്ടിന്റെ (സിബിആര്‍ഐ) സഹായവും ക്ഷേത്ര പുനരുദ്ധാരണത്തിനായി ക്ഷേത്രകമ്മിറ്റി തേടിയിട്ടുണ്ട്. ഔദ്യോഗികമായി എഎസ്‌ഐയുടെ സംരക്ഷണത്തിലല്ലാത്തതിനാല്‍ ക്ഷേത്രം സന്ദര്‍ശിച്ച് പരിശോധന നടത്തുകയും ക്ഷേത്രത്തിന്റെ പുനരുദ്ധാരണത്തിനുള്ള നിര്‍ദേശങ്ങള്‍ നല്‍കുക മാത്രമാണ് എഎസ്‌ഐ ചെയ്തിട്ടുള്ളതെന്നും സൂപ്രണ്ട് ആര്‍ക്കിയോളജിസ്റ്റ് മനോജ് സക്‌സേന വ്യക്തമാക്കി. ക്ഷേത്രകമ്മിറ്റിയും ഉത്തരാഖണ്ഡ് സര്‍ക്കാരുമാണ് നടപടികള്‍ സ്വീകരിക്കേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Share news