KOYILANDY DIARY.COM

The Perfect News Portal

സംസ്ഥാന സ്‌പെഷ്യൽ സ്‌കൂൾ കലോത്സവം ഇന്ന് തുടങ്ങും

കണ്ണൂർ: സംസ്ഥാന സ്‌പെഷ്യൽ സ്‌കൂൾ കലോത്സവം വ്യാഴാഴ്‌ച കണ്ണൂരിൽ തുടങ്ങും. 14 ജില്ലകളിലെ സർക്കാർ, എയ്‌ഡഡ്‌, അൺഎയ്‌ഡഡ്‌ വിദ്യാലയങ്ങളിലെ 1,600 കുട്ടികളാണ്‌ ആട്ടവും പാട്ടും വാക്കും വരയുമായി കലോത്സവത്തിനെത്തുക. കണ്ണൂർ മുനിസിപ്പൽ സ്‌കൂളിലെ മുഖ്യവേദിയിൽ രാവിലെ 9.30ന്‌ മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഉദ്‌ഘാടനം ചെയ്യും. തളാപ്പ്‌ മിക്‌സഡ്‌ യുപി സ്‌കൂളിലടക്കം എട്ടുവേദികളിലാണ്‌ മത്സരം.

രാവിലെ 10ന്‌ മത്സരം ആരംഭിക്കും. മോഹിനിയാട്ടം, നാടോടിനൃത്തം, സംഘനൃത്തം, ലളിതഗാനം, സംഘഗാനം, ദേശഭക്തിഗാനം, ഉപകരണസംഗീതം, പെൻസിൽ ഡ്രോയിങ്‌, ജലച്ചായം ഇനത്തിൽ മൂന്ന്‌ വേദികളിലായി മാനസികവെല്ലുവിളി നേരിടുന്ന വിദ്യാർത്ഥികളാണ്‌  മത്സരിക്കുക. കേൾവിപരിമിതിയുള്ളവർ 15 ഇനങ്ങളിലും കാഴ്‌ചപരിമിതിയുള്ളവർ 19 ഇനങ്ങളിലും വെള്ളി, ശനി ദിവസങ്ങളിൽ മത്സരിക്കും. 

 

സമാപനസമ്മേളനം ശനിയാഴ്ച വൈകിട്ട്‌ അഞ്ചിന്‌ സ്‌പീക്കർ എ എൻ ഷംസീർ ഉദ്‌ഘാടനം ചെയ്യും. ജേതാക്കൾക്കുള്ള  സ്വർണക്കപ്പ് മുനിസിപ്പൽ സ്കൂളിൽ നടന്ന ചടങ്ങിൽ ബുധനാഴ്‌ച ഏറ്റുവാങ്ങി. സ്വാഗത ഗാനത്തിന്റെ അവസാനവട്ട പരിശീലനം ബുധനാഴ്‌ച നടത്തി.

Advertisements
Share news