പിങ്ക് പുൽച്ചാടിയെ കാമറയിൽ പകർത്തി എട്ട് വയസുകാരി
പിങ്ക് പുൽച്ചാടിയെ കാമറയിൽ പകർത്തി എട്ട് വയസുകാരി. പല അപൂർവജീവികളെയും കുറിച്ച് നമ്മൾ കാണാറുണ്ട്. പലതും ഒന്ന് കണി കാണാൻ പോലും കിട്ടാത്തതാകും. അതുപോലെ ഒന്നാണ് പിങ്ക് നിറത്തിലുള്ള പുൽച്ചാടി. പിങ്ക് പിഗ്മെന്‍റിന്‍റെ അമിത ഉൽപ്പാദനവും കറുപ്പ് നിറത്തിന്‍റെ ഉൽപ്പാദനക്കുറവും കാരണമാണ് ഇത്തരം പുൽച്ചാടികളിൽ ജനിതകമാറ്റം സംഭവിക്കുന്നത്. അത്തരം ജീവികളെ ഒരു ശതമാനം വരുന്ന മനുഷ്യർക്ക് മാത്രമാണ് കാണാൻ സാധിക്കുന്നതെന്നാണ് പഠനങ്ങൾ പറയുന്നത്.

എന്നാൽ എട്ട് വയസുകാരിയായ ജാമി എന്ന പെൺകുട്ടി അത്തരം ഒരു പിങ്ക് പുൽച്ചാടിയെ കണ്ടെത്തുകയും അതിന്റെ ചിത്രം പകർത്തുകയും ചെയ്യുന്ന ഒരു വീഡിയോ ആണ് ഇപ്പോൾ വൈറലായിരിക്കുന്നത്. ജാമി തന്റെ ഇൻസ്റ്റാഗ്രാം പേജിലൂടെ തന്നെയാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. താൻ വളരെയധികം ഭാഗ്യമുള്ളയാളാണെന്നും അല്ലെങ്കിൽ ഇത്തരം അപൂർവങ്ങളിൽ അപൂർവമായ ഒന്ന് കാണാൻ തനിക്ക് സാധിക്കില്ലെന്നും ജാമി ഇൻസ്റ്റാഗ്രാം പേജിൽ കുറിച്ചു.

നിരവധിയാളുകളാണ് ജാമിയുടെ പോസ്റ്റിനു താഴെ കമെന്റുകളുമായെത്തിയത്. ജാമി ഭാഗ്യം ചെയ്തയാളാണെന്നും, കണ്ടപ്പോൾ ഉടൻ പകർത്താൻ തോന്നിയ ആ മനസിന് അഭിനന്ദനങ്ങൾ എന്നും കമെന്റുകളുണ്ട്. എന്തായാലും ജാമിയുടെ വീഡിയോ ഇതിനോടകം ഏഴ് ലക്ഷത്തിലധികം ലൈക് നേടിയിട്ടുണ്ട്.



 
                        

 
                 
                