സാഹിത്യ അക്കാദമി അവാർഡ് ജേതാവ് കൽപ്പറ്റ നാരായണനെ ആദരിച്ചു
കൊയിലാണ്ടി: കേരളാ സാഹിത്യ അക്കാദമി അവാർഡ് ജേതാവ് കൽപ്പറ്റ നാരായണനെ കൊയിലാണ്ടിയിലെ പൗരാവലി ആദരിച്ചു. “വ്യവസ്ഥിതിക്കും മുഖ്യധാരക്കും അപ്രിയനാവാനുള്ള ധൈര്യം കൽപ്പറ്റയെ വ്യത്യസ്ഥനാക്കുന്നുവെന്ന് ഉദ്ഘാടന പ്രസംഗത്തിൽ സുനിൽ. പി. ഇളയിടം പറഞ്ഞു. “എൻ്റെ കാവ്യാഭിരുചിയേയും ധാരണകളെയും സ്വാധീനിച്ച വ്യക്തികളിൽ ഒരാളാണ് മാഷ് അദ്ധേഹം പറഞ്ഞു. കല്പറ്റ മാഷ്ക്ക് കാൽ നൂറ്റാണ്ട് മുമ്പെങ്കിലും അക്കാദമി അവാർഡ് കിട്ടേണ്ടതായിരുന്നു.

മാഷുടെ കവിത സമകാലികതയിൽ വേരാഴ്ത്തി നിൽക്കുന്നു. കല്പറ്റ നമ്മുടെ കവിതയെ വളരെ മുന്നോട്ട് കൊണ്ടുപോയി – ഉദ്ഘാടന പ്രസംഗത്തിൽ സുനിൽ.പി. ഇളയിടം പറഞ്ഞു. പ്രശസ്ത ഗായകൻ വി.ടി.മുരളി കല്പറ്റ നാരായണന് പുരസ്കാരശില്പം സമ്മാനിച്ചു. “ഒരു കവി, എഴുത്തുകാരൻ ഇങ്ങനെയൊക്കെ പറയേണ്ടതുണ്ടോ എന്ന് തോന്നുമാറ് ഉറച്ച നിലപാടുകൾ പ്രകടിപ്പിക്കുന്ന കവിയാണ് നാരായണൻ മാഷ്. നമ്മൾ ഓരോരുത്തർക്കും ‘എൻ്റെ സ്വന്തം ആൾ’ എന്നാണ് കൽപ്പറ്റയേക്കുറിച്ച് തോന്നുക.” വി.ടി. മുരളി പറഞ്ഞു. എഴുത്തുകാരനും പ്രഭാഷകനുമായ രാജേന്ദ്രൻ എടത്തുംകര മുഖ്യപ്രഭാഷണം നടത്തി.

“ഇന്ത്യയിൽ അപ്രിയ സത്യം പറഞ്ഞേ പറ്റൂ. പൂച്ചയേയും എലിയേയും പറ്റി എഴുതിയാലും ഇവിടെ അത് ഫാസിസ്റ്റ് വിരുദ്ധ കവിതയാകുന്നു. കാലം കൈ പിടിച്ചെഴുതിച്ച് കവിതയെ ഇങ്ങനെയാക്കുന്നു. സംഘാടകരായ ശ്രദ്ധ സാമൂഹ്യപാഠശാല, കൊയിലാണ്ടിയ്ക്ക് സ്നേഹം, നന്ദി.” -കല്പറ്റ നാരായണൻ പറഞ്ഞു. കവി സത്യചന്ദ്രൻ പൊയിൽക്കാവ്, യു.കെ.രാഘവൻ മാസ്റ്റർ, മോഹനൻ നടുവത്തൂർ, വിജേഷ് അരവിന്ദ്, ശിവദാസ് പൊയിൽക്കാവ്, ടി.ടി. ഇസ്മയിൽ, അജയ് ആവള, ഡോ. എൻ. വി. സദാനന്ദൻ, അബ്ദുൾ റഹിമാൻ.വി.ടി, ശിഹാബുദ്ദീൻ.എസ്.പി.എച്ച്, എൻ.വി. ബിജു, വിനയചന്ദ്രൻ എന്നിവർ ആശംസകൾ അർപ്പിച്ചു.
വിവിധ കലാ-സാംസ്ക്കാരിക സംഘടനകളും കല്പറ്റ നാരായണനെ വേദിയിൽ ആദരിച്ചു. സംഘാടക സമിതി ജനറൽ കൺവീനർ എൻ.കെ. മുരളി നന്ദി പ്രകാശിപ്പിച്ചു.
