ഫോട്ടോ പ്രദര്‍ശനം ശ്രദ്ധേയമാകുന്നു
കോഴിക്കോട്: വികസനത്തിന്‍റെ രൂപരേഖയുമായി പിതാവും മകനും നടത്തുന്ന ഫോട്ടോ പ്രദര്‍ശനം ശ്രദ്ധേയമാകുന്നു.
റിട്ട.അസി.ടൗണ്‍ പ്ലാനര്‍ പി.ടി മുസ്തഫയും മകനും ഡിസൈനറും ആയ സി.വി ഫാസില്‍ ഹസ്സനും ചേര്‍ന്നാണ് കോഴിക്കോട് ലളിതകലാ അക്കാദമി ആര്‍ട്ട് ഗാലറിയില്‍ പ്രദര്‍ശനം സംഘടിപ്പിട്ടുള്ളത്.
നാടിന്‍റെ വികസനത്തിനാവശ്യമായതും അനിവാര്യമായതുമായ ചിത്രങ്ങളും വാര്‍ത്താ പ്രാധാന്യമര്‍ഹിക്കുന്ന ഫോട്ടോകളും ഉള്‍പ്പെടുത്തിയാണ് എന്‍റെ കോഴിക്കോട്എന്ന പേരിലുള്ള പ്രദര്‍ശനം. കോഴിക്കോട്ടെ മുഖ്യ കവലകളിലെ പാര്‍ക്കിങ് പ്ലാസ സൗകര്യങ്ങള്‍ ഒരുക്കുന്നതിനായുള്ള ഫോട്ടോകളും രൂപരേഖകളുമാണ് പ്രധാനമായും ഉള്‍പ്പെടുത്തിയിരിക്കുന്നത്. കോഴിക്കോട് ബീച്ച്, വെസ്റ്റ്ഹില്‍, ഗാന്ധിറോഡ് ബ്രിഡ്ജ്, കെ.എസ്.ആര്‍.ടി.സി സ്റ്റാന്‍റ് എന്നിവിടങ്ങളിലെ കാഴ്ചകളും പ്രദര്‍ശനത്തില്‍ ഉള്‍ക്കൊളളിച്ചിട്ടുണ്ട്. കൂടാതെ നാട്ടിലെ ചില കൗതുക കാഴ്ചകളും പ്രദര്‍ശനത്തില്‍ ഉണ്ട്.

കോഴിക്കോടിന്‍റെ വികസനം അനിവാര്യമായ എല്ലാ മേഖലയെയും ഉള്‍പ്പെടുത്തിയാണ് പ്രദര്‍ശനം നടക്കുന്നത്. ടാഗോര്‍ ഹാള്‍ പരിസരം, മാനാഞ്ചിറ, കോംട്രസ്റ്റ്, ടൗണ്‍ഹാള്‍, ബീച്ച് എന്നിവിടങ്ങളാണ് കൂടുതലും ഉള്‍പ്പെടുത്തിയിരിക്കുന്നത്.
ടാഗോര്‍ ഹാളിനു സമീപമായി ഒന്നും രണ്ടും നിലകളിലായി പാര്‍ക്കിങ് പ്ലാസകള്‍, കംഫര്‍ട്ട് സ്റ്റേഷന്‍, മാനാഞ്ചിറ കോംട്രസ്റ്റിനടുത്തായി ഫുട്പാത്ത് കം കാര്‍പാര്‍ക്കിങ്, ആര്‍ട്ട് ഗാലറി പൂര്‍ണ്ണമായും ടൗണ്‍ഹാളിനു വിട്ടുകൊടുത്ത് പുതുക്കിപണിയല്‍, ബീച്ചിലെ ടു ട്രാക്ക് വാക്ക്വേ, വലിയങ്ങാടി പഴയ പാസ്പ്പോര്‍ട്ട് ഓഫീസ് പുതുക്കി പണിയല്‍, ഒന്നും രണ്ടും കടല്‍പാലങ്ങള്‍ പുതുക്കി പണിത് സന്ദര്‍ശകര്‍ക്കായി ടൂറിസത്തിന്‍റെ ഭാഗമാക്കല്‍, കല്ലായിപുഴയുടെ തീരത്ത് അഴീക്കലിലേക്ക് എത്താവുന്ന രീതിയില്‍ എലിവേറ്റഡ് ഫുഡ്പാത്ത് തുടങ്ങിയ രൂപരേഖകളാണ് കോഴിക്കോടിനെ ഭംഗിയാക്കാനും പഴയ ഓര്‍മ്മകള്‍ നിലനിര്‍ത്താനുമായി പ്രദര്‍ശനത്തിലൂടെ കാഴ്ചക്കാരിലെത്തുന്നത്.
19 വരെ നടക്കുന്ന പ്രദര്‍ശനത്തിന്‍റെ അവസാന ദിനം വികസനത്തിനായുള്ള രൂപരേഖ മേയര്‍ക്കു കൈമാറുമെന്ന് പി.ടി മുസ്തഫ പറഞ്ഞു.




