KOYILANDY DIARY.COM

The Perfect News Portal

മൈനാഗപ്പള്ളി അപകടം; അജ്മൽ ഓടിച്ച കാറിന് ഇൻഷൂറൻസ് ഉണ്ടായിരുന്നില്ല

കൊല്ലം: മൈനാഗപ്പള്ളിയില്‍ സ്‌കൂട്ടര്‍ യാത്രിക കാര്‍ കയറിയിറങ്ങി മരിച്ച സംഭവത്തില്‍ അപകടത്തിനിടയാക്കിയ കാറിന് ഇൻഷൂറൻസ് ഉണ്ടായിരുന്നില്ല. അപകടം നടന്നതിന്റെ പിറ്റേദിവസം ഇൻഷൂറൻസ് പുതുക്കിയതായും കണ്ടെത്തൽ. സെപ്റ്റംബര്‍ 15-നാണ് മൈനാഗപ്പള്ളി ആനൂർക്കാവിൽ സ്‌കൂട്ടർ യാത്രികയായ കുഞ്ഞുമോൾ കാർ കയറി ഇറങ്ങി മരിച്ചത്.

 

കരുനാഗപ്പള്ളി വെളുത്തമണല്‍ സ്വദേശി അജ്മൽ ഓടിച്ച കാറാണ്. കൂടെയുണ്ടായിരുന്ന ഇയാളുടെ സുഹൃത്തും ഡോക്ടറുമായ ശ്രീക്കുട്ടിയും പൊലീസ് പിടിയിലായി. കെ.എല്‍. 23 ക്യൂ. 9347 എന്ന നമ്പറിലുള്ള കാറിലാണ് ഇവർ സഞ്ചരിച്ചിരുന്നത്. അജ്മലിന്റെ സുഹൃത്തിന്റെ മാതാവിന്റെ പേരിലുള്ളതാണ് ഈ വാഹനം. ഡിസംബറില്‍ കാറിന്റെ ഇൻഷൂറൻസ് കാലാവധി കഴിഞ്ഞിരുന്നു. അപകടം സംഭവിച്ചതിന്റെ തൊട്ടടുത്തദിവസം സെപ്തംബർ 16 ന് യുണൈറ്റഡ് ഇന്ത്യ ഇൻഷൂറൻസ് കമ്പനി വഴിയുള്ള പോളിസി ഓൺലൈനിൽ പുതുക്കി.

 

അജ്മല്‍ മദ്യപിച്ചിട്ടുണ്ടെന്ന് അറസ്റ്റ് ചെയ്തപ്പോള്‍ വൈദ്യപരിശോധനയില്‍ കണ്ടെത്തിയിരുന്നു. അയാളുടെമേല്‍ ബോധപൂർവ്വമായ നരഹത്യക്കുറ്റവും ഡോ. ശ്രീക്കുട്ടിക്കെതിരേ പ്രേരണാക്കുറ്റവുമാണ് ചുമത്തിയിട്ടുള്ളത്. താഴെവീണ കുഞ്ഞുമോളുടെ നെഞ്ചിലൂടെ കാര്‍ രണ്ടുതവണ കയറ്റിയിറക്കിയതാണ് മരണകാരണം എന്നാണ് കണ്ടെത്തൽ.

Advertisements

 

ഇടിച്ച കാര്‍ ശാസ്താംകോട്ട പോലീസ് കസ്റ്റഡിയിലാണ്. തിങ്കളാഴ്ച ഫൊറന്സിക് സംഘമെത്തി കാര്‍ പരിശോധിച്ചു. റിപ്പോർട്ട്  ലഭിക്കുന്ന മുറയ്ക്ക് കാര്‍ കോടതിക്ക് കൈമാറും. അജ്മല്‍ മറ്റ് കേസുകളില്‍ പ്രതിയായ വ്യക്തിയാണെന്നാണ് പൊലീസ് കണ്ടെത്തൽ. വനിതാ ഡോക്ടറുടെ രക്തസാമ്പിള്‍ ബുധനാഴ്ച പരിശോധനയ്ക്ക് അയയ്ക്കും.


Share news