KOYILANDY DIARY.COM

The Perfect News Portal

സംസ്ഥാന സര്‍ക്കാരിന്‌ അപകീര്‍ത്തി ഉണ്ടാക്കുക എന്ന ലക്ഷ്യമാണ് മാധ്യമങ്ങൾക്കെന്ന് സി.പി.ഐ(എം) സംസ്ഥാന സെക്രട്ടറിയേറ്റ്‌

മാധ്യമങ്ങളുടെ വ്യാജ വാർത്തയ്ക്കെതിരെ സിപിഐ(എം)ഉം എൽഡിഎഫും. സംസ്ഥാന സര്‍ക്കാരിന്‌ അപകീര്‍ത്തി ഉണ്ടാക്കുക എന്ന ലക്ഷ്യമാണ് മാധ്യമങ്ങൾക്കെന്ന് സി.പി.ഐ (എം) സംസ്ഥാന സെക്രട്ടറിയേറ്റ്‌. അതേസമയം, വയനാട്‌ മുണ്ടകൈ ദുരിതബാധിതര്‍ക്ക്‌ ലഭിക്കാനിടയുള്ള കേന്ദ്ര സഹായം പോലും തകര്‍ക്കുന്നവിധം വാര്‍ത്ത പ്രസിദ്ധീകരിച്ച മാധ്യമങ്ങളുടെ നിലപാട്‌ സാംസ്‌കാരിക കേരളത്തിന്‌ അപമാനമാണെന്ന്‌ എല്‍.ഡി.എഫ്‌ കണ്‍വീനര്‍ ടി.പി രാമകൃഷ്‌ണനും പ്രതികരിച്ചു.

അടിയന്തിര കേന്ദ്ര സഹായം തേടി കേന്ദ്രത്തിന്‌ സമര്‍പ്പിച്ച നിവേദനത്തെ ദുരന്തമേഖലയില്‍ ചിലവഴിച്ച തുകയാണെന്ന്‌ കള്ളക്കഥ പ്രചരിപ്പിക്കുകയാണ്‌ ചില ദൃശ്യമാധ്യമങ്ങള്‍ ചെയ്‌തത്‌. വാര്‍ത്ത വന്ന ഉടനെ ഇത്‌ സംബന്ധിച്ച യാഥാര്‍ത്ഥ്യം പുറത്തുവന്നിട്ടും പത്ര-മാധ്യമങ്ങള്‍ ഈ കള്ളക്കഥയ്‌ക്ക്‌ പ്രാധാന്യം കൊടുത്ത്‌ പ്രസിദ്ധീകരിക്കുന്ന നിലയാണ് ഉണ്ടായത്.

കേരളത്തിലെ വലതുപക്ഷ മാധ്യമങ്ങള്‍ എത്രത്തോളം തരംതാണിരിക്കുന്നുവെന്നതിന്റെ അവസാനത്തെ തെളിവാണിതെന്ന് എൽഡിഎഫ് കണ്‍വീനർ ടിപി രാമകൃഷ്ണൻ പ്രസ്താവനയിലൂടെ പറഞ്ഞു. കോടതിയില്‍ സര്‍ക്കാര്‍ സമര്‍പ്പിച്ച കേന്ദ്ര സര്‍ക്കാരിന്‌ നല്‍കിയ നിവേദനത്തിന്റെ ഉള്ളടക്കം സര്‍ക്കാര്‍ ചെലവഴിച്ച പണമെന്ന നിലയില്‍ ഒരുകൂട്ടം മാധ്യമങ്ങൾ പ്രചരിപ്പിക്കുകയായിരുന്നു.

Advertisements
Share news