മലയാള സിനിമാ മേഖലയിൽ പുതിയ സംഘടനക്ക് നീക്കം
മലയാള സിനിമാ മേഖലയിൽ പുതിയ സംഘടനക്ക് നീക്കം. പ്രോഗ്രസിവ് ഫിലിം മേക്കേഴ്‌സ് എന്ന പേരിലാണ് പുതിയ സംഘടന. സംവിധായകരായ ആഷിക്ക് അബു, ലിജോ ജോസ് പെല്ലിശ്ശേരി, അഞ്ജലി മേനോൻ, രാജീവ് രവി എന്നിവരാണ് ഈ നീക്കത്തിന് പിന്നിൽ.

ഒരു പ്രോഗ്രസീവ് ഫിലിം മേക്കേഴ്സ് അസോസിയേഷന്റെ രൂപീകരണത്തിനായുള്ള ആലോചന എന്ന തലക്കെട്ടിൽ ഒരു കത്ത് സിനിമാ അണിയറ പ്രവർത്തകർക്കിടയിൽ വിതരണം ചെയ്താണ് തുടക്കം. കത്തിൽ ഒപ്പുവെച്ചിരിക്കുന്നത് അഞ്ജലി മേനോൻ, ലിജോ ജോസ് പെല്ലിശ്ശേരി, ആഷിക് അബു, രാജീവ് രവി തുടങ്ങിയവരാണ്. നിലവിൽ സിനിമാ മേഖലയിൽ പ്രവർത്തിക്കുന്ന സംഘടനകൾക്ക് ബദലായി, പുരോഗമന കാഴ്ചപ്പാടുള്ള ഒരു സംഘടന എന്നതാണ് ഇവർ മുന്നോട്ടുവെക്കുന്ന മുദ്രാവാക്യം.

സിനിമ വ്യവസായം കാലഹരണപ്പെട്ട സംവിധാനങ്ങളെ അടിസ്ഥാനമാക്കിയാണ് പ്രവർത്തിക്കുന്നതെന്നും മറ്റു മേഖലകളുമായി താരതമ്യം ചെയ്യുമ്പോൾ ഒട്ടും പുരോഗമനപരമല്ലെന്നും കത്ത് വിമർശിക്കുന്നു.നീതിയുക്തവും ന്യായപൂർണവുമായ തൊഴിലിടങ്ങൾ സൃഷ്ടിക്കുകയാണ് പുതിയ സംഘടനയുടെ ലക്ഷ്യം. സമത്വം സഹകരണം സാമൂഹിക നീതി എന്നീ മൂല്യങ്ങളിൽ വേരുന്നിയതാണ് പുതിയ സംഘടന എന്നാണ് അവകാശവാദം. തൊഴിലാളികളുടെ ശാക്തീകരണമാണ് ലക്ഷ്യം.

മലയാള ചലച്ചിത്ര വ്യവസായത്തെ നവീകരിക്കാം എന്ന് ആഹ്വാനത്തോടെയാണ് കത്ത് അവസാനിപ്പിക്കുന്നത്. രഹസ്യ സ്വഭാവത്തോടെ വിതരണം ചെയ്ത കത്ത് നടനും സംവിധായകനുമായ അനുരാഗ കശ്യപ് നവമാധ്യമത്തിൽ പങ്കുവച്ചതോടെയാണ് പൊതുശ്രദ്ധയിലേക്ക് എത്തിയത്. മറ്റ് സിനിമാ സംഘടനകളെ കത്ത് പേരെടുത്തു പറഞ്ഞ് വിമർശിക്കുന്നില്ലെങ്കിലും അവയെല്ലാം പരാജയം ആണെന്ന ധ്വനി കത്തിലെ വാചകങ്ങളിലുണ്ട്. ആദ്യഘട്ടമായി ചെറുകൂടിച്ചേരലുകളും തുടർന്ന് വിപുലമായ ഒത്തുചേരലും ആണ് അണിയറ പ്രവർത്തകരുടെ ലക്ഷ്യം.

