KOYILANDY DIARY.COM

The Perfect News Portal

പട്ടിണി സമരം. തിക്കോടിക്ക്‌ ഇന്ന് കറുത്ത ഓണം. അടിപ്പാത ലഭിക്കാൻ മരണം വരെ പോരാട്ടം

തിരുവോണ നാളിൽ പട്ടിണി സമരവുമായി സമരസമിതി. തിക്കോടിയിൽ ദേശീയ പാതയിൽ അടിപ്പാത നിർമ്മിക്കണമെന്നാവശ്യപ്പെട്ട് കർമ്മ സമിതിയുടെ നേതൃത്വത്തിൽ നാട്ടുകാർ നടത്തുന്ന സമരം കൂടുതൽ ശക്തി പ്രാപിക്കുന്നു. ഇന്ന് നടത്തിയ പട്ടിണി സമരം എം.എൽ.എ കാനത്തിൽ ജമീല ഉദ്ഘാടനം ചെയ്തു. റെയിൽവേ സ്റ്റേഷൻ, ജില്ലാ മണ്ണു പരിശോധന കേന്ദ്രം, കൃഷിഭവൻ, കോടിക്കൽ ഫിഷ് ലാൻഡിങ് സെന്റർ, എഫ്സിഐ ഗോഡൗൺ,പാലൂർ എൽ പി സ്കൂൾ,കോടിക്കൽ യുപി സ്കൂൾഎന്നിവ റോഡിന്റെ പടിഞ്ഞാറ് ഭാഗത്തും ഗ്രാമപഞ്ചായത്ത് ഓഫീസ്, സി കെ ജി എം ഹയർസെക്കൻഡറി സ്കൂൾ, തിക്കോടിയൻ സ്മാരക ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ പയ്യോളി, ഗവൺമെന്റ് ആശുപത്രി, ബാങ്കുകൾ, ആരാധനാലയങ്ങൾ എന്നിവ റോഡിന്റെ കിഴക്കുഭാഗത്തും സ്ഥിതി ചെയ്യുന്ന നിലവിലെ അവസ്ഥയിൽ റോഡ് മുറിച്ച് കടക്കാൻ അടിപ്പാത നിർമിക്കണം എന്ന് ആവശ്യപ്പെട്ടാണ്  കർമസമിതിയുടെ നേതൃത്വത്തിൽ നാട്ടുകാർ രണ്ടുവർഷമായി സമരം നടത്തിക്കൊണ്ടിരിക്കുന്നത്.
എംഎൽഎ, എം പി ഉൾപ്പെടെയുള്ള ജനപ്രതിനിധികൾക്കും കേന്ദ്ര-സംസ്ഥാന മന്ത്രിമാർക്കും നാഷണൽ ഹൈവേ അധികൃതർക്കും പലതവണ നിവേദനം കൊടുത്തിട്ടും ഫലം കാണാത്ത സാഹചര്യത്തിൽ കൂടുതൽ ശക്തമായ സമരപരിപാടികളുമായി മുന്നോട്ടുപോകുമെന്ന് കർമ്മസമിതി ഭാരവാഹികൾ അറിയിച്ചു. ഇന്ന് തിരുവോണനാളിൽ രാവിലെ മുതൽ വൈകുന്നേരം വരെ നടന്ന പട്ടിണിസമരത്തിൽ 250 പേർ പങ്കെടുത്തു.  ജനങ്ങളുടെ സഞ്ചാരസ്വാതന്ത്ര്യം നിഷേധിക്കുന്ന അധികൃതരുടെ നടപടികൾ അവസാനിപ്പിച്ച് അടിപ്പാത അടിയന്തരമായി അനുവദിക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന് എം.എൽ.എ ആവശ്യപ്പെട്ടു. സമാധാനപരമായി നടത്തിയ സമരത്തെ പോലീസ് നേരിട്ട രീതി പ്രതിഷേധാർഹമാണ്. കർമ്മസമിതി പ്രസിഡണ്ട് വി കെ അബ്ദുൾ മജീദ് അധ്യക്ഷത വഹിച്ചു.
ജില്ലാ പഞ്ചായത്ത് അംഗം വി പി ദുൽഖിഫിൽ, തിക്കോടി  ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ ആർ വിശ്വൻ, കെ പി ഷക്കീല, മെമ്പർമാരായ സന്തോഷ് തിക്കോടി, എൻ എം ടി അബ്ദുള്ളക്കുട്ടി, ബിനു കാരോളി മേലടി ബ്ലോക്ക് പഞ്ചായത്ത് അംഗം പി വി റംല, മൂടാടി ഗ്രാമപഞ്ചായത്ത് മെമ്പർ ഉസ്ന എന്നിവർ അഭിവാദ്യം അർപ്പിച്ച് സംസാരിച്ചു. സംസ്ഥാന പരിസ്ഥിതി മിത്ര അവാർഡ് ജേതാവ് മണലിൽ മോഹനൻ മുഖ്യപ്രഭാഷണം നടത്തി. വിവിധ രാഷ്ട്രീയ- സാമൂഹ്യ സംഘടനാ പ്രതിനിധികളായ ഡി ദീപ, ബിജു കളത്തിൽ, ജയചന്ദ്രൻ തെക്കേക്കുറ്റി, സി ഹനീഫ മാസ്റ്റർ,  ഹംസ കുന്നുമ്മൽ, ഇബ്രാഹി തിക്കോടി, സഹദ് പുറക്കാട്, പി കെ ശശി, ടി പി പുരുഷോത്തമൻ, ചന്ദ്രൻ കെ കെ, ഹംസ കുന്നുമ്മൽ, ഭാസ്കരൻ തിക്കോടി, എൻ പി മുഹമ്മദ് ഹാജി,  നദീർ തിക്കോടി എന്നിവർ സംസാരിച്ചു.
Share news