KOYILANDY DIARY.COM

The Perfect News Portal

ഓണവരവറിയിച്ച് ഓണപ്പൊട്ടൻ

കൊയിലാണ്ടി: ഉത്തരമലബാറിൽ  ഓണാഘോഷത്തോടനുബന്ധിച്ച് ചമയുന്ന തെയ്യ രൂപമാണ് ഓണപ്പൊട്ടൻ. ഓണേശ്വരൻ എന്നും ഓണപ്പൊട്ടന് പേരുണ്ട്. ഓണത്തിൻ്റെ വരവറിയിച്ചു കൊണ്ടാണ് ഓണപ്പൊട്ടൻ്റെ രംഗപ്രവേശം. നാല്പത്തി ഒന്ന് ദിവസത്തെ വ്രതത്തിന് ശേഷം പിതൃ കലശം സമർപ്പിച്ച് പൂജ ചെയ്തതിന് ശേഷമാണ് ഒണേശ്വരൻ വേഷമണിയുക. മഹാബലിയുടെ പ്രതിരൂപമാണ് ഓണപ്പൊട്ടനെന്നാണ് വിശ്വാസം. ഓണത്തെയ്യത്തിൽത്തന്നെ സംസാരിക്കാത്ത തെയ്യമെന്ന സവിശേഷത കൂടി ഓണപ്പൊട്ടനുണ്ട്. വായ തുറക്കാതെ തന്നെ തെയ്യം ആടുന്നതിനാലാവാം ഓണപ്പൊട്ടൻ എന്ന പേരിൽ അറിയപ്പെടാനിടയായത്.
.
.
ചിങ്ങമാസത്തിലെ ഉത്രാടത്തിനും തിരുവോണത്തിനുമാണ്  ഓണേശ്വരൻ വീടുകൾ തോറും കയറിയിറങ്ങുക. ഓരോ വീടുകളിലും ഓണേശ്വരൻ ഐശ്വര്യം നൽകുന്നുവെന്നാണ് വിശ്വാസം. കുരുത്തോലക്കുട ചൂടി മുഖത്ത് ചായം പുരട്ടി കൈതനാരുകൊണ്ടുള്ള തലമുടിയും കവുങ്ങിൻ പൂക്കുല കൊണ്ടുള്ള വെളുത്ത താടിയും, തെച്ചിപ്പൂ അലങ്കരിച്ച കിരീടവുമണിഞ്ഞ് ഇരു കൈകളിലും കൈവള ചാർത്തി പ്രത്യേകരീതിയിലുള്ള ആടയാഭരണങ്ങളോടെയാണ് ഓണപ്പൊട്ടൻ പ്രത്യക്ഷമാവാറുള്ളത്.
ഓണപ്പൊട്ടൻ ഒരിക്കലും കാൽപാദങ്ങൾ നിലത്തുറപ്പിക്കാറില്ലെന്നത് ഒരു പ്രത്യേകതയാണ്. സദാ താളം ചവിട്ടുകയും ഓടുകയും ചെയ്തുകൊണ്ടേയിരിക്കും. വീടുകളിൽ എത്തുമ്പോൾ ദക്ഷിണയായി അരിയും പണവുമാണ് കാണിയ്ക്കയായി നൽകാറുള്ളത്.
Share news