കുട്ടികളിൽ മുണ്ടിനീര് വീക്കം; ഓണാഘോഷ പരിപാടി മാറ്റി
കൊയിലാണ്ടി: കൊയിലാണ്ടി മേഖലയിൽ കുട്ടികളിൽ മുണ്ടിനീരു വീക്കം വ്യാപകമാവുന്നു. കൂട്ടം ചേരുന്നത് ഒഴിവാക്കണമെന്ന് ആരോഗ്യ വകുപ്പ്. പകർച്ചവ്യാധി ഇനത്തിലുള്ളതായതിനാൽ ആരോഗ്യ വകുപ്പ് രംഗത്തെത്തിയിട്ടുണ്ട്. സാധാരണയായി ഏപ്രിൽ, മെയ് മാസങ്ങളിലാണ് ഈ രോഗം കണ്ടു വരാറുള്ളത്. അസ്വസ്ഥതയും’ പാർശ്വഫലങ്ങളും ഈ രോഗത്തെ ഗൗരവമുള്ളതാക്കുന്നു. മിക്സോവൈറസ് കുടുംബത്തിൽ പെട്ട ഒരു വൈറസാണ് മുണ്ടിനീര് രോഗത്തിന് കാരണമാകുന്നത്.

വായുവിലൂടെയും, സ്പർശനത്തിലൂടെയും പകരുമെന്നാണ് പറയുന്നത്. കൊയിലാണ്ടി ജി.വി.എച്ച്.എസ്.എസ് ൽ 30 ഓളം കുട്ടികൾക്ക് ഇപ്പോൾ രോഗം ബാധിച്ചതായാണ് ആരോഗ്യ വകുപ്പ് പറയുന്നത്. അതിനാൽ കുട്ടികൾ കൂട്ടം ചേരുന്നത് ഒഴിവാക്കണമെന്ന് നിർദേശം നൽകിയിരിക്കുകയാണ്. സ്കൂളിൽ നടത്താനിരുന്ന ഓണാഘോഷ പരിപാടികൾ മാറ്റാൻ സ്കൂൾ അധികൃതർ നിർബന്ധിതരായി. സ്കൂളിൽ മാസ്ക് ധരിക്കാനും നിർദ്ദേശം നൽകി. മുണ്ടിനീരു വീക്കത്തിനപുറമെ മഞ്ഞപിത്ത ബാധയും കൊയിലാണ്ടി മേഖലയിൽ വ്യാപിക്കുന്നതായി റിപ്പോർട്ടുണ്ട്.

