KOYILANDY DIARY.COM

The Perfect News Portal

ഓണത്തിന്‌ റെയിൽവേയുടെ ‘സ്പെഷ്യൽ കൊള്ള’

തിരുവനന്തപുരം: ഓണം സ്പെഷ്യൽ ട്രെയിനുകളിൽ ടിക്കറ്റിന്‌ കൊള്ളനിരക്കുമായി റെയിൽവേ. തത്‌ക്കാൽ ടിക്കറ്റിന്റെ നിരക്കാണ്‌ സ്പെഷ്യൽ ട്രെയിനുകളിൽ ഈടാക്കുന്നത്‌. സ്ലീപ്പർ ടിക്കറ്റിന്‌ 100മുതൽ 200 രൂപവരെയും എ സി ചെയർകാറിന്‌ 125മുതൽ 225 രൂപവരെയും എ സി ത്രീടയറിന്‌ 300മുതൽ 400 രൂപവരെയും സെക്കൻഡ്‌ എ സിക്ക്‌ 400 മുതൽ 500 രൂപവരെയുമാണ്‌ വർധന.

 

 എറണാകുളം–-യെലഹംഗ ജങ്‌ഷൻ സ്പെഷ്യൽ (06101), യെലഹംഗ–- എറണാകുളം ജങ്‌ഷൻ (06102), താംബരം –-കൊച്ചുവേളി പ്രതിവാര സ്പെഷ്യൽ (06035), കൊച്ചുവേളി–- താംബരം പ്രതിവാര സ്പെഷ്യൽ (06153), മംഗളൂരു–- കൊല്ലം സ്പെഷ്യൽ (06047), കൊല്ലം–-മംഗളൂരു സ്പെഷ്യൽ (06048) എന്നിവയാണ്‌ ട്രെയിനുകൾ. ഇതിൽ താംബരം–- കൊച്ചുവേളി, കൊച്ചുവേളി–-താംബരം ട്രെയിനുകൾ എ സിയാണ്‌. നിരക്കും കൂടുതലാണ്‌.

നിലവിൽ ഇതിലൊന്നിലും ടിക്കറ്റ്‌ കിട്ടാനില്ല. തത്‌കാൽ ടിക്കറ്റുകൾ മാത്രമാണ്‌ ആശ്രയം. സെക്കൻഡ്‌ ക്ലാസ്‌ ടിക്കറ്റിന്‌ അടിസ്ഥാനനിരക്കിന്റെ പത്തുശതമാനവും സ്ലീപ്പർ, എ സി ടിക്കറ്റുകൾക്ക്‌ 30 ശതമാനവുമാണ്‌ വർധന. ഫലത്തിൽ സ്ലീപ്പർ ടിക്കറ്റിന്‌ ശരാശരി 200രൂപ അധികം നൽകണം. എസി ത്രീടയറിന്‌ 600 രൂപയും സെക്കൻഡ്‌ എസിക്ക്‌ 800 രൂപയും കൂടുതൽ നൽകണം.

Advertisements

വന്ദേഭാരത്‌ ഇല്ല

എറണാകുളം–-ബംഗളൂരു റൂട്ടിൽ വന്ദേഭാരത്‌ ഓടിക്കേണ്ടതില്ലെന്ന്‌ തീരുമാനിച്ച്‌ റെയിൽവേ. എംപിമാർ ഉൾപ്പെടെ കത്ത്‌ നൽകിയത്‌ അവഗണിച്ചാണ്‌ തീരുമാനം.
ജൂലൈയിലും ആഗസ്തിലുമായി 13 സർവീസുകൾ നടത്തിയിരുന്നെങ്കിലും ലാഭകരമല്ലെന്നാണ്‌ അധികൃതർ പറയുന്നത്‌.
വന്ദേഭാരതിന്റെ ടിക്കറ്റ്‌ ചാർജിന്റെ ഇരട്ടി നൽകിയാണ്‌ ബസുകളിൽ ബംഗളൂരുവിൽനിന്നും തിരിച്ചും മലയാളികൾ യാത്രചെയ്യുന്നത്‌. വൻതുക നൽകിയാലും ടിക്കറ്റ്‌ കിട്ടാനുമില്ല.

Share news