KOYILANDY DIARY.COM

The Perfect News Portal

ചടയൻ ഗോവിന്ദൻ്റെ ഓർമ്മകൾക്ക് ഇന്ന് 26 വയസ്സ്

സിപിഐ(എം) സംസ്ഥാന സെക്രട്ടറിയായിരുന്ന ചടയൻ ഗോവിന്ദന്റെ ജ്വലിക്കുന്ന ഓർമ്മകൾക്ക് ഇന്ന് 26 വയസ്സ്. ത്യാഗപൂർണവും സമര തീക്ഷണവുമായിരുന്നു ചടയൻ്റെ ജീവിതം. സി പി ഐ എം സംസ്ഥാന സെക്രട്ടറിയായിരിക്കേ 1998 ലാണ് ചടയൻ ചരിത്രത്തിലേക്ക് വിടവാങ്ങിയത്. സമരം തന്നെയായിരുന്നു ചടയൻ്റെ ജീവിതം. എണ്ണമറ്റ കർഷക കമ്യൂണിസ്റ്റ് പോരാട്ടങ്ങൾ പിറന്ന ചിറക്കൽ താലൂക്കിൽ നെയ്ത്ത് തൊഴിലാളികളെ സംഘടിച്ച് കൊണ്ടായിരുന്നു പൊതു ജീവിതത്തിൻ്റെ തുടക്കം. പിന്നീട് ചടയൻ്റെ നേതൃത്വത്തിൽ നടന്നത് ജൻമി നാടുവാഴിത്തത്തിനും തൊഴിലാളി ചൂഷണത്തിനും പൊലീസ് ഭീകരതയ്ക്കും എതിരായ സമാനതകളില്ലാത്ത ചെറുത്ത് നിൽപ്പുകൾ.

ഭീകരമായ പൊലീസ് മർദ്ദനവും ജയിൽവാസവും ഒളിവ് ജീവിതവുമെല്ലാം കരുത്തനായ കമ്യൂണിസ്റ്റിനെ വാർത്തെടുക്കുന്നതിൽ നിർണ്ണായകമായി. 1948 ൽ പാർട്ടി സെല്ലിൽ അംഗമായ ചടയൻ 1979ൽ സിപിഐ(എം) കണ്ണൂർ ജില്ലാ സെക്രട്ടറിയും 1985 ൽ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗവും 1996 ൽ പാർട്ടി സംസ്ഥാന സെക്രട്ടറിയുമായി.എം എൽ എയായി തിരഞ്ഞെടുക്കപ്പെട്ട ചടയൻ നിയമസഭയിലെ തൊഴിലാളികളുടെ ശബ്ദമായി മാറി 1998 ൽ സംസ്ഥാന സെക്രട്ടറിയായി പ്രവർത്തിച്ചു വരവേയാണ് നിസ്വാർത്ഥ കമ്യുണിസ്റ്റിൻ്റെ ജീവിതത്തിന് തിരശ്ശീല വീണത്. പ്രതിസന്ധി ഘട്ടങ്ങളിൽ പോറലേൽക്കാതെ സിപിഐഎം നയിച്ച ചടയൻ വ്യതിയാനങ്ങൾക്കെതിരെ വിട്ടുവീഴ്ചയില്ലാതെ പോരാടിയ നേതാവ് കൂടിയായിരുന്നു.

Share news