നെല്ല്യാടിയിൽ ലഹരി മാഫിയാ സംഘത്തിൻ്റെ അക്രമം. പലചരക്ക് കട അടിച്ചു തകർത്തു
കൊയിലാണ്ടി: നെല്ല്യാടിയിൽ ലഹരി മാഫിയാ സംഘത്തിൻ്റെ അക്രമം. പലചരക്ക് കട അടിച്ചു തകർത്തു. ഉടമയ്ക്കും മകനും പരിക്ക്. ഇവരെ താലൂക്കാശുപത്രിയിൽ പ്രവേശിപ്പിച്ചു. കെ.പി.കെ. സ്റ്റോപിനു സമീപം ബാബുവിൻ്റെ കടയ്ക്കു നേരെയാണ് അക്രമം നടന്നത്. കോയിത്തുമ്മൽ രമ്യേഷിൻ്റെ നേതൃത്വത്തിലുള്ള സംഘമാണ് അക്രമം നടത്തിയതെന്ന് കടയുടമ പോലീസിൽ നകിയ പരാതിയിൽ പറയുന്നു.

മാരുതി OMNI വാനിൽ എത്തിയ സംഘമാണ് അക്രമം അഴിച്ചുവിട്ടത്. കഴിഞ്ഞ കുറച്ചു ദിവസമായി ഈ വാൻ നെല്ല്യാടി, കൊടക്കാട്ടുംമുറി ഭാഗങ്ങളിൽ കറങ്ങി നടക്കുന്നത് ശ്രദ്ധയിൽപ്പെട്ടതോടെ ഇവരെ പ്രദേശത്തെ യുവജനങ്ങൾ ചോദ്യം ചെയ്തിരുന്നു. ഇതിൻ്റെ ഭാഗമാണ് കടയിൽ അതിക്രമിച്ച് കയറി കട അടിച്ചു തകർക്കുകയും കടയുടമയെ അക്രമിക്കുകയും ചെയ്തതെന്നറിയുന്നു.


കടയ്ക്ക് വലിയ നാശനഷ്ടമാണ് സംഭവിച്ചത്. കൊയിലാണ്ടി പോലീസ് സ്ഥലത്തെത്തിയിട്ടുണ്ട്. സംഭവത്തിൽ ഡിവൈഎഫ്ഐ നെല്ല്യാടിക്കടവ് യൂണിറ്റ് ശക്തമായി പ്രതിഷേധിച്ചു. പ്രതികളെ ഉടൻ പീടികൂടണമെന്നും നേതാക്കൾ പറഞ്ഞു.

