KOYILANDY DIARY.COM

The Perfect News Portal

പടന്നക്കാട് കാർഷിക കോളേജിൽ മുപ്പതോളം പേർക്ക് എച്ച്‍വൺ എൻവൺ

കാസർഗോഡ് ജില്ലയിലെ പടന്നക്കാട് കാർഷിക കോളേജിൽ മുപ്പതോളം പേർക്ക് എച്ച്‍വൺ എൻവൺ സ്ഥിരീകരിച്ചു. ആരോഗ്യ വകുപ്പ് നടത്തിയ സാമ്പിൾ ശേഖരണത്തിൽ ഒൻപത് പേർക്ക് ഇൻഫ്ളുവൻസാ എ വിഭാഗത്തിൽപ്പെട്ട പനിയാണ് ബാധിച്ചതെന്ന് സ്ഥിരീകരിച്ചു. ആലപ്പുഴ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നുള്ള പരിശോധനയിലാണ് സ്ഥിരീകരണം.

 

സ്വകാര്യ ലാബിൽ നടത്തിയ പരിശോധനയിൽ ഒരു കുട്ടിക്ക് കൂടി എച്ച്‍വൺ എൻവൺ ഉണ്ട് എന്ന് തിരിച്ചറിഞ്ഞിരുന്നു. പനി ബാധിച്ച് ആശുപത്രിയെ സമീപിക്കുന്ന രോഗികളുടെ എണ്ണം കൂടി വരുന്നതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും ആരോഗ്യ വകുപ്പിൻ്റെ നിർദ്ദേശങ്ങൾ പാലിക്കണമെന്നും സ്വയം ചികിത്സ നടത്താതെ ആരോഗ്യ കേന്ദ്രങ്ങൾ സന്ദർശിച്ച് ചികിത്സ ഉറപ്പാക്കണമെന്നും ജില്ല മെഡിക്കൽ ഓഫീസർ ഡോ. ഏ വി രാംദാസ് അറിയിച്ചു.

ജില്ലാ ആരോഗ്യ വകുപ്പിൻ്റെ പ്രത്യേക ടീം കോളേജ് സന്ദർശിച്ച് ആവശ്യമായ നിർദ്ദേശങ്ങൾ നൽകി. രോഗ ലക്ഷണങ്ങൾ പ്രകടമാക്കിയ എല്ലാ കുട്ടികൾക്കും ഹോസ്റ്റലിൽ തന്നെ പ്രത്യേക താമസ സൗകര്യം ഏർപ്പെടുത്തുകയും ആവശ്യമായ ബോധവൽകരണം നൽകുകയും ചെയ്തു. മെഡിക്കൽ ടീം ആവശ്യമായ പരിശോധന നടത്തുകയും സാമ്പിൾ ശേഖരിക്കുകയും ചെയ്തിട്ടുണ്ട്. സംസ്ഥാനത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്ന് എത്തുന്ന കുട്ടികൾ ആണ് ഇവിടെ പഠിക്കുന്നത്.

Advertisements
Share news