KOYILANDY DIARY.COM

The Perfect News Portal

ബിസിനസ് റാങ്കിങിലെ നേട്ടം കേരളത്തിന്റെ വികസന മുന്നേറ്റത്തിന് ഊർജ്ജമാകും; മുഖ്യമന്ത്രി

2022ലെ ഈസ് ഓഫ് ഡൂയിങ്ങ് ബിസിനസ് റാങ്കിങ്ങിൽ കേരളം ഒന്നാം സ്ഥാനത്തെത്തിയത് വികസന മുന്നേറ്റത്തിന് ഊർജ്ജമാകുമെന്ന് മുഖ്യമന്ത്രി. കഴിഞ്ഞ 8 വർഷങ്ങൾക്കിടയിൽ വ്യാവസായിക രംഗത്ത് കേരളമുണ്ടാക്കിയ മുന്നേറ്റത്തിന്റെ പ്രതിഫലനമാണ് സംരംഭകർക്ക് കൈവന്നിരിക്കുന്ന ഈ ആത്മവിശ്വാസമെന്നും കൂടുതൽ മെച്ചപ്പെട്ട വ്യവസായികാന്തരീക്ഷവും നിക്ഷേപവുമുള്ള വികസിത സമൂഹമായി നമുക്ക് മാറേണ്ടതുണ്ടെന്നും മുഖ്യമന്ത്രി ഫേസ്ബുക്കിൽ കുറിച്ചു.

 

മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണരൂപം:

കേരളത്തിന്റെ വ്യാവസായിക രംഗത്ത് വലിയ കുതിപ്പുണ്ടാക്കുന്ന വാർത്തയാണ് കേന്ദ്ര സർക്കാർ പുറത്തിറക്കിയ 2022ലെ ഈസ് ഓഫ് ഡൂയിങ്ങ് ബിസിനസ് റാങ്കിങിൽ നാം കൈവരിച്ചിരിക്കുന്ന നേട്ടം. ഇതുപ്രകാരം ടോപ്പ് അച്ചീവർ ലിസ്റ്റിലെ ഒന്നാം സ്ഥാനം കേരളം നേടിയിരിക്കുന്നു. വ്യവസായങ്ങളാരംഭിക്കാൻ സൗഹൃദാന്തരീക്ഷമുള്ള നാടായി നിക്ഷേപകർ 95 ശതമാനത്തിന് മുകളിൽ മാർക്ക് രേഖപ്പെടുത്തിയ ലിസ്റ്റിലാണ് കേരളം ഒന്നാമതെത്തിയിരിക്കുന്നത്.

Advertisements

 

ഇതേ റാങ്കിങ് പട്ടികയുടെ 2021 ലെ പതിപ്പിൽ 28-ാം സ്ഥാനത്തായിരുന്നു കേരളം. അടുത്ത വർഷം നാം പതിനഞ്ചാം സ്ഥാനത്തേക്കുയർന്നു. ലിസ്റ്റ് പ്രകാരം 9 സൂചികകളിൽ കേരളം ടോപ്പ് അച്ചീവർ സ്ഥാനം നേടിയപ്പോൾ രണ്ടാം സ്ഥാനത്ത് വന്നിരിക്കുന്ന ആന്ധ്രാപ്രദേശ് 5 സൂചികകളിൽ ടോപ്പ് അച്ചീവർ സ്ഥാനം നേടി. 3 സൂചികകളിൽ ഗുജറാത്താണ് ഒന്നാമതെത്തിയത്. സംരംഭക സമൂഹം നൽകുന്ന അഭിപ്രായത്തെ കൂടി പരിഗണിച്ചു രൂപപ്പെടുത്തുന്ന ലിസ്റ്റാണ് ഈസ് ഓഫ് ഡൂയിങ്ങ് ബിസിനസ് റാങ്കിങിന്റേത്.

 

കഴിഞ്ഞ 8 വർഷങ്ങൾക്കിടയിൽ വ്യാവസായിക രംഗത്ത് കേരളമുണ്ടാക്കിയ മുന്നേറ്റത്തിന്റെ പ്രതിഫലനമാണ് സംരംഭകർക്ക് കൈവന്നിരിക്കുന്ന ഈ ആത്മവിശ്വാസം. കൂടുതൽ മെച്ചപ്പെട്ട വ്യവസായികാന്തരീക്ഷവും നിക്ഷേപവുമുള്ള വികസിത സമൂഹമായി നമുക്ക് മാറേണ്ടതുണ്ട്. ഈസ് ഓഫ് ഡൂയിങ്ങ് ബിസിനസ് റാങ്കിങിൽ നാം കൈവരിച്ചിരിക്കുന്ന നേട്ടം കേരളത്തിന്റെ വികസന മുന്നേറ്റത്തിന് ഊർജ്ജമാകും.

Share news