KOYILANDY DIARY.COM

The Perfect News Portal

കേരളീയർക്ക്‌ തൊഴില്‍ കിട്ടുന്ന സംരംഭങ്ങള്‍ക്ക് മുന്‍​ഗണന; മന്ത്രി പി രാജീവ്

കൊച്ചി: മലയാളികൾക്ക് തൊഴിൽ ലഭിക്കുന്ന സംരംഭങ്ങൾക്കാണ് സംസ്ഥാന സർക്കാർ മുൻഗണന നൽകുന്നതെന്ന് വ്യവസായമന്ത്രി പി രാജീവ്. കെഎസ്ഐഡിസി കൊച്ചിയിൽ സംഘടിപ്പിച്ച ഭക്ഷ്യസംസ്കരണ -സാങ്കേതികമേഖലയ്ക്കായുള്ള “കേരള ഫുഡ്ടെക് കോൺക്ലേവ് 2024′  ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

 

സൂക്ഷ്മ ഭക്ഷ്യസംസ്കരണ യൂണിറ്റുകളുടെ കാര്യത്തിൽ കേന്ദ്രസർക്കാർ ലക്ഷ്യമിട്ട 2500 യൂണിറ്റുകൾക്കപ്പുറം സംസ്ഥാനത്ത് 2548 യൂണിറ്റുകൾ ആരംഭിച്ചു. ഉത്തരവാദിത്വ നിക്ഷേപം, ഉത്തരവാദിത്വ വ്യവസായമെന്നതാണ് സർക്കാരിന്റെ നയം. സംരംഭകരുടെ ആവശ്യങ്ങളും നിർദേശങ്ങളും അടിസ്ഥാനമാക്കി മുന്നോട്ടുപോകുന്ന രീതിയിലേക്ക് വ്യവസായവകുപ്പിനെ സർക്കാർ മാറ്റിയെടുത്തു. വ്യവസായങ്ങളെ പ്രോത്സാഹിപ്പിക്കാൻ നിരവധി പദ്ധതികളും ചട്ടഭേദഗതികളും കൊണ്ടുവന്നിട്ടുണ്ട്.

 

സംരംഭങ്ങൾക്ക് ഏതു കമ്പനിയിൽനിന്നും ഇൻഷുറൻസ് എടുക്കാവുന്ന തരത്തിൽ എംഎസ്എംഇ ഇൻഷുറൻസ് പദ്ധതി നടപ്പാക്കി. പ്രീമിയത്തിന്റെ പകുതി സർക്കാർ നൽകും. സംരംഭകവർഷം പദ്ധതിപ്രകാരം സംസ്ഥാനത്ത് 2.75 ലക്ഷം സംരംഭങ്ങൾ തുടങ്ങി. ഫെബ്രുവരിയിലെ നിക്ഷേപകസംഗമം, പദ്ധതികൾ നടപ്പാക്കുമെന്നതിന്റെ ഉറപ്പായിരിക്കുമെന്നും മന്ത്രി പറഞ്ഞു.

Advertisements

 

 

വ്യവസായവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി എ പി എം മുഹമ്മദ് ഹനീഷ് അധ്യക്ഷനായി. കെഎസ്ഐഡിസി എംഡി എസ് ഹരികിഷോർ, ചെയർമാൻ പോൾ ആന്റണി, എക്സിക്യൂട്ടീവ് ഡയറക്ടർ ആർ ഹരികൃഷ്ണൻ,  ജനറൽ മാനേജർ വർഗീസ് മാളക്കാരൻ, എംപിഇഡിഎ വൈസ് ചെയർമാൻ അലക്സ് കെ നൈനാൻ തുടങ്ങിയവരും സംസാരിച്ചു.

 

‘ഭക്ഷ്യസംസ്കരണത്തിലെ സുസ്ഥിരശീലങ്ങളും നൂതനത്വവും’ വിഷയത്തിൽ പാനൽ ചർച്ചയും നടന്നു. സിഎഫ്ആർഎ ഡീൻ ഡോ. കോമൾ ചൗഹാൻ, വെള്ളാനിക്കര കൗൺസിൽ ഓഫ് അഗ്രികൾച്ചർ പ്രൊഫസർ ഡോ. കെ പി സുധീർ, നിറ്റ ജലാറ്റിൻ ഗവേഷണവിഭാഗം മേധാവി ഡോ. അഭിലാഷ് പി കൈലാസ്, ദേശീയ ചെറുകിടവ്യവസായ കോർപറേഷൻ കേരള മേധാവി ഗ്രേസ് റെജി എന്നിവർ പങ്കെടുത്തു.

 

Share news