രണ്ട് ഹെക്ടറോളം സ്ഥലത്തെ പുഞ്ചക്കൃഷി വെള്ളമില്ലാതെ കരിഞ്ഞുണങ്ങുന്നു

പേരാമ്പ്ര: സര്‍ക്കാര്‍ വിത്തുത്പാദന കേന്ദ്രത്തിലെ രണ്ട് ഹെക്ടറോളം സ്ഥലത്തെ നെല്‍കൃഷിയും അര ഹെക്ടറോളം സ്ഥലത്തെ പച്ചക്കറി കൃഷിയും വെള്ളമില്ലാതെ കരിഞ്ഞുണങ്ങുന്നു. പ്രധാനമായും കുറ്റിയാടി ജലസേചന പദ്ധതിയെ ആശ്രയിച്ചുകൊണ്ട് പുഞ്ചക്കൃഷി ഇറക്കിവരുന്ന സീഡ് ഫാമില്‍ ഇടതുകര മെയിന്‍ കനാല്‍ തുറക്കാന്‍ ഉണ്ടായ കാലതാമ
സമാണു വിനയായത്.
ജലസേചന വകുപ്പ് അധികൃതരുമായി നേരത്തെ ബന്ധപ്പെട്ട് കനാലുകള്‍ തുറക്കുന്ന തിയ്യതി സംബന്ധിച്ചു ധാരണവരുത്തിയശേഷമാണു കൃഷി പ്ലാന്‍ ചെയ്തിരുന്നതെന്നു ഫാമിന്റെ ചുമതലയുള്ള കൃഷി ഡെപ്യൂട്ടി ഡയരക്ടര്‍ പറഞ്ഞു. അതനുസരിച്ചു ഞാറ്റടി തയ്യാറാക്കുകയും ജനുവരി ആദ്യ ആഴ്ചയില്‍ തന്നെ ഞാറുകള്‍ പറിച്ചുനടുകയും ചെയ്തു.

ഇടതുകര കനാല്‍ രണ്ടുദിവസം മുന്‍പു തുറന്നെങ്കിലും കൈ കനാലുകള്‍ വഴി ഇവിടേക്ക് വെള്ളമെത്തിയിട്ടില്ല. കുറ്റിയാടി ജലസേചന പദ്ധതിയുടെ കനാലുകള്‍ തുറക്കുന്നതിന്റെ അടുത്ത സമയത്ത് മാത്രമാണു ഇത്തവണ ഷട്ടറുകള്‍ താഴ്ത്തി ഡാമില്‍ വെള്ളം സംഭരിച്ചു തുടങ്ങിയത്. ഈ പ്രാവശ്യം കനാലുകള്‍ തുറന്നപ്പോള്‍ തന്നെ ഡാമിലെ ജലനിരപ്പ് കുറഞ്ഞു കൊണ്ടിരിക്കുകയാണ്. കക്കയം ജലവൈദ്യുതി പദ്ധതിയുടെ ഉപയോഗത്തിനു ശേഷം ഒഴുകിയെത്തുന്ന വെള്ളം പെരുവണ്ണാമൂഴി ഡാമിലെ പ്രധാനപ്പെട്ട ജലസ്രോതസുകളിലൊന്നാണ്.

വയനാട് നേരത്തെ തന്നെ വരള്‍ച്ചയുടെ പിടിയിലമര്‍ന്ന സാഹചര്യത്തില്‍ കുറ്റിയാടി ജലവൈദ്യുതി പദ്ധതിയുടെ പ്രധാന ജലസ്രോതസായ ബാണാസുര സാഗര്‍ ഡാമില്‍ നിന്നും കാര്യമായ തോതില്‍ വെള്ളം ലഭിക്കാനുള്ള സാധ്യതയും കുറവാണ്. നീരൊഴുക്ക് കുറഞ്ഞതിനാല്‍ കക്കയത്തു വൈദ്യുതി ഉത്പാദനം വലിയ തോതില്‍ കുറയാന്‍ സാധ്യതയുണ്ടെന്നു വൈദ്യുതി വകുപ്പ് അധികൃതരും പറയുന്നു. ഈ സാഹചര്യത്തില്‍ മാര്‍ച്ചില്‍ പുഞ്ചകൃഷി വിളവെടുക്കാന്‍ പാകമാവും വരെ കൃഷിക്ക് കനാല്‍ വെള്ളം ലഭിക്കുമൊ എന്ന ആശങ്കയിലാണു വിത്തുത്പാദന കേന്ദ്രം അധികൃതര്‍.

