KOYILANDY DIARY.COM

The Perfect News Portal

കേരളത്തിലെ കയർ ഉത്പന്നങ്ങൾ ഇനി അമേരിക്കയിലേക്ക്; ഫ്ലാഗ് ഓഫ് ചെയ്ത് മന്ത്രി പി രാജീവ്

കേരളത്തിലെ കയർ ഉത്പന്നങ്ങൾ ഇനി അമേരിക്കയിലേക്ക്. ഇതിന്റെ ആദ്യ ലോഡ് കഴിഞ്ഞദിവസം ആലപ്പുഴയിൽ നിന്നും അമേരിക്കയിലേക്ക് തിരിച്ചു. മന്ത്രി പി രാജീവാണ് ഫ്ലാഗ് ഓഫ് ചെയ്തത്. കയർ കോർപ്പറേഷന്റെ ഉത്പന്നങ്ങൾ അമേരിക്കയുടെ വാൾ മാർട്ടിന്റെ  ഗോഡൗണിലേക്ക് നൽകി തുടങ്ങുന്നതോടെ കയറിന്റെ അന്താരാഷ്ട്ര കമ്പോളത്തിലേക്കുള്ള  വലിയൊരു ചുവടുവെപ്പിനാണ് തുടക്കമാകുന്നത്.

 

നിലവിൽ ഒന്നരക്കോടി രൂപയുടെ ഉത്പന്നങ്ങളാണ് വാൾമാർട്ടിന്റെ ഓൺലൈൻ മാർക്കറ്റിലേക്ക് ആദ്യ ഘട്ടമായി നൽകുന്നത്. ഡിസംബറോടെ അടുത്ത കണ്ടെയ്നർ അയയ്ക്കാൻ കഴിയും. നേരിട്ട് ഷോറൂമിലേക്ക് തന്നെ ഉൽപ്പന്നങ്ങൾ എത്തിക്കുന്നതാണ് അടുത്ത ഘട്ടം. ഗുണമേന്മയിൽ ഒരു തരത്തിലുള്ള വിട്ടുവീഴ്ചയും ഉണ്ടാകാൻ പാടില്ല എന്നതാണ് പ്രധാനമെന്ന് മന്ത്രി പി. രാജീവ് പറഞ്ഞു.

 

പരമ്പരാഗത ഉൽപ്പന്നങ്ങൾ നിർമ്മിക്കുന്നതിന് പരിശീലനം നേടിയ തൊഴിലാളികൾക്കുള്ള സർട്ടിഫിക്കറ്റ് വിതരണവും കയർ കോർപ്പറേഷൻ ഹെഡ് ഓഫീസ് ഡിവിഷനിൽ നടന്നു. വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ നൽകുന്ന 10 ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്  മന്ത്രി പി രാജീവ് ചടങ്ങിൽ ഏറ്റുവാങ്ങി. പി.പി. ചിത്തരഞ്ജൻ എം.എൽ.എ അധ്യക്ഷത വഹിച്ച ചടങ്ങിൽ എച്ച്. സലാം എം.എൽ.എ, മുനിസിപ്പൽ ചെയർപേഴ്സൺ കെ.കെ.ജയമ്മ, കയർ കോർപ്പറേഷൻ ചെയർമാൻ ജി. വേണുഗോപാൽ തുടങ്ങിയവർ പങ്കെടുത്തു.

Advertisements

Share news