രാജ്യത്തെ ആദ്യത്തെ സൗരോർജ്ജ ബോട്ട് മുഖ്യമന്ത്രി നാടിന് സമർപ്പിച്ചു

വൈക്കം: നിരക്കുവര്‍ധനയില്ലാതെ കൂടുതല്‍ സൗരോര്‍ജ ബോട്ടുകള്‍ സര്‍വീസ് ആരംഭിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേരളത്തില്‍ കൂടുതല്‍ സൗരോര്‍ജ ബോട്ടുകള്‍ അനുവദിക്കുമെന്ന് കേന്ദ്ര ഊര്‍ജമന്ത്രി പീയൂഷ് ഗോയല്‍. വൈക്കത്ത് രാജ്യത്തെ ആദ്യ സൗരോര്‍ജ യാത്രാബോട്ട് ആദിത്യയുടെ ഉദ്ഘാടനച്ചടങ്ങിലാണ് ഇരുവരുടെയും പ്രഖ്യാപനം.
സൗരോര്‍ജ ബോട്ടുകള്‍ വരുന്നതോടെ ജലഗതാഗത വകുപ്പിന്റെ ചെലവുകള്‍ കുറയ്ക്കാനാകും. മലിനീകരണം ഇല്ലാതാകും. ജലഗതാഗതം വികസിപ്പിച്ചെടുത്താല്‍ ഗതാഗത മേഖല രക്ഷപ്പെടും-ചടങ്ങ് ഉദ്ഘാടനം ചെയ്ത മുഖ്യമന്ത്രി പറഞ്ഞു.
കൂടുതല്‍ സൗരോര്‍ജ ബോട്ടിനായി സംസ്ഥാന സര്‍ക്കാരിന്റെ നിവേദനം ലഭിച്ചതായും ഡല്‍ഹിയില്‍ എത്തിയാലുടന്‍ തീരുമാനം ഉണ്ടാകുമെന്നും കേന്ദ്രമന്ത്രി പറഞ്ഞു.
യാത്രാബോട്ടുകള്‍ മാത്രമല്ല മീന്‍പിടിത്തബോട്ടുകളും പുരവഞ്ചികളും സൗരോര്‍ജത്തില്‍ പ്രവര്‍ത്തിക്കണം. സൗരോര്‍ജം ഉപയോഗപ്പെടുത്താനുള്ള വലിയ സാധ്യതയാണ് കേരളത്തിനുള്ളത്-അദ്ദേഹം പറഞ്ഞു.

മന്ത്രി എ.കെ.ശശീന്ദ്രന്‍ അധ്യക്ഷത വഹിച്ചു. ജോസ് കെ.മാണി എം.പി., എം.എല്‍.എ.മാരായ സി.കെ.ആശ, എ.എം.ആരിഫ്, കളക്ടര്‍ ഇ.എ.ലത, പ്രൊഫ. എം.കെ.സാനുമാസ്റ്റര്‍, എന്‍.അനില്‍ ബിശ്വാസ്, ഉഴവൂര്‍ വിജയന്‍, വി.എന്‍. വാസവന്‍, എന്‍. ഹരി, ജ്യോതിലാല്‍, ഷാജി എം.നായര്‍ എന്നിവര്‍ പങ്കെടുത്തു.

