പരാതി പരിഹാര അദാലത്തിൽ തീരുമാനമായ സ്വകാര്യ ഭൂമിയിലെ കാട് മൂടാടി പഞ്ചായത്ത് വെട്ടി തെളിച്ചു

മൂടാടി: പരാതി പരിഹാര അദാലത്തിൽ തീരുമാനമായ സ്വകാര്യ ഭൂമിയിലെ കാട് വെട്ടിതെളിച്ച് മൂടാടി ഗ്രാമ പഞ്ചായത്ത്. മൂന്നാം വാർഡിലെ 20-ാം മൈൽ ഭാഗത്ത് നാഷണൽ ഹൈവേയോട് ചേർന്ന് കിടക്കുന്ന 50 സെൻ്റ് സ്വകാര്യ ഭൂമിയിൽ വർഷങ്ങളായി കാടുപിടിച്ച് കിടന്നത് പൊതുജനങ്ങൾക്ക് ബുദ്ധിമുട്ടയി വന്യജീവികളായ മുള്ളൻപന്നി, പെരുമ്പാമ്പ്, വിഷപാമ്പുകൾ, തെരുവുപട്ടികൾ എന്നിവയുടെ വിഹാരകേന്ദ്രമായിരുന്നു ഇവിടെ.

പരിസരത്തുള്ള വീടുകളിലെ കുട്ടികൾക്ക് പുറത്തിറങ്ങാൻ പറ്റാത്ത സാഹചര്യമായിരുന്നു. പല പ്രാവശ്യം പരിസരവാസികളുടെ പരാതി പരിഗണിച്ച് ഉടമസ്ഥരോട് കാട് വെട്ടാൻ ആവശ്യപ്പെട്ടിട്ടും തയാറായിരുന്നില്ല. കഴിഞ്ഞ ദിവസം ഗ്രാമ പഞ്ചായത്തിൽ നടന്ന പരാതി പരിഹാര അദാലത്തിൽ വീണ്ടും പരാതി വന്നതോടെ ഗ്രാമപഞ്ചായത്ത് ഇടപെട്ട് വെട്ടാൻ തീരുമാനിക്കുകയായിരുന്നു.


രണ്ട് ദിവസങ്ങളിലായി യന്ത്രസഹായത്തോടെ തൊഴിലാളികളെ വച്ചാണ് പഞ്ചായത്ത് കാട് വെട്ടിയത്. ഇതിന് ചിലവായ തുക ഉടമസ്ഥരിൽ നിന്ന് ഈടാക്കാൻ നിയമ നടപടി സ്വീകരിക്കുമെന്ന് പ്രസിഡണ്ട് സി.കെ. ശ്രികുമാർ, സെക്രട്ടറി എം. ഗിരീഷ് എന്നിവർ അറിയിച്ചു.

