വടകര ബാങ്ക് ഓഫ് മഹാരാഷ്ട്ര സ്വർണ്ണ തട്ടിപ്പ് കേസ്; മുഖ്യ പ്രതി മധ ജയകുമാറിന്റെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും

വടകരയിലെ ബാങ്ക് ഓഫ് മഹാരാഷ്ട്ര സ്വർണ്ണ തട്ടിപ്പ് കേസിലെ മുഖ്യ പ്രതി മധ ജയകുമാറിന്റെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും. പ്രതിയെ വീണ്ടും കസ്റ്റഡിയിൽ വിട്ടുകിട്ടാൻ പൊലീസ് കോടതിയിൽ അപേക്ഷ നൽകും. നേരത്തെ വടകര ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി 6 ദിവസത്തേക്കായിരുന്നു പ്രതിയെ ക്രൈംബ്രാഞ്ച് കസ്റ്റഡിയിൽ വിട്ടിരുന്നത്. വടകര ജുഡീഷ്യൽ മജിസ്ട്രറ്റിൻ്റെ ചാർജുള്ള കൊയിലാണ്ടി കോടതിയിലാണ് പ്രതിയും മുൻ ബ്രാഞ്ച് മാനേജറും തമിഴ്നാട് മേട്ടുപ്പാളയം സ്വദേശിയുമായ മധ ജയകുമാറിനെ ഹാജരാക്കുക.

കൂടുതൽ തെളിവെടുപ്പിനും പരിശോധനകൾക്കുമായി പ്രതിയെ വിട്ടു കിട്ടണമെന്നാണ് അന്വേഷണസംഘത്തിന്റെ ആവശ്യം. ബാങ്കിൽ നിന്നും സ്വർണം തട്ടിയെടുത്ത് ഒളിവിൽ പോയ പ്രതിയെ കർണാടക പൊലീസിന്റെ സഹായത്തോടെയാണ് ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്. പ്രതിയുമായി കസ്റ്റഡി സമയത്ത് പ്രതിയെ തമിഴ്നാട്ടിലെ തഞ്ചാവൂരിലെത്തിച്ച് നടത്തിയ പരിശോധനയിൽ ബാങ്കിൽ നിന്ന് തട്ടിയ 26.24 കിലോയിൽ 5.3 കി.ഗ്രാം സ്വർണം അന്വേഷണ സംഘം കണ്ടെത്തിയിരുന്നു.

കൂടാതെ പ്രതി സ്ഥിരം സന്ദർശിക്കാനുള്ള സ്ഥലങ്ങളിലെല്ലാം പൊലീസ് പരിശോധന തുടരുകയാണ്. ബാക്കി സ്വർണം ഇതര സംസ്ഥാനങ്ങളിലെ ബാങ്കുകളിലടക്കം പണയപെടുത്തിയിട്ടുണ്ടെന്നാണ് കരുതുന്നത്. ഇവ കണ്ടെത്താനും കൂടുതൽ ചോദ്യം ചെയ്യാനുമായി 10 ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ ലഭിക്കണമെന്നാവശ്യപ്പെട്ടാണ് കോടതിയിൽ ക്രൈംബ്രാഞ്ച് വീണ്ടും അപേക്ഷ നൽകുക.

കൂടാതെ പ്രതി നേരത്തെ മാനേജരായിരുന്ന ബാങ്കിലെത്തിച്ചും തെളിവെടുപ്പ് നടത്തേണ്ടതുണ്ട്. പ്രതിക്ക് തിരുപ്പൂരിലെ ഡി.ബി.എസ് ബാങ്ക് ശാഖയിൽ സ്വർണം പണയപെടുത്താൻ സഹായം നൽകിയ ആളെ കണ്ടെത്താൻ അന്യേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.

