KOYILANDY DIARY.COM

The Perfect News Portal

ശ്രീകൃഷ്ണ ജയന്തിയോടനുബന്ധിച്ച് കൊയിലാണ്ടിയിൽ വർണ്ണശഭളമായ ഘോഷയാത്ര

കൊയിലാണ്ടി: ശ്രീകൃഷ്ണ ജയന്തിയോടനുബന്ധിച്ച് കൊയിലാണ്ടിയിൽ വർണ്ണശഭളമായ ഘോഷയാത്ര നടന്നു. ആത്മവിശ്വാസത്തിൻ്റേയും അതിജീവനത്തിൻ്റേയും മുരളീ നാദം പൊഴിച്ച് ശിരസ്സിൽ പീലിത്തിരുമുടി ചൂടി നഗ്നപാദരായ് ഉണ്ണിക്കണ്ണൻമാർ നഗരവീഥിയിൽ നിറഞ്ഞാടി. നഗരം അക്ഷരാർത്ഥത്തിൽ അമ്പാടിയായി മാറി.

ബാലഗോകുലത്തിൻ്റെ ആഭിമുഖ്യത്തിൽ “പുണ്യമീമണ്ണ് പവിത്രമീ ജന്മം” എന്ന സന്ദേശവുമായി കൊയിലാണ്ടിയിൽ നടന്ന മഹാശോഭായാത്ര വിശ്വാസികളുടെ കണ്ണിനും കാതിനും കുളിർമ്മയേകി. കൃഷ്ണഭക്തിയിൽ ചാലിച്ച താളാത്മകമായ ഈരടികൾക്കൊത്ത് രാധികമാർ ചുവട് വെച്ച് നീങ്ങി.

കണ്ണൻ്റെ ബാല്യകാല കുസൃതികളേയും ലീലാവിലാസങ്ങളേയും വിസ്മയ കർമ്മങ്ങളേയും അനുസ്മരിപ്പിക്കുന്ന വൈവിധ്യമാർന്ന നിശ്ചല ദൃശ്യങ്ങൾ തിങ്ങിനിറഞ്ഞ നഗര വീഥിയെ പുളകമണിയിച്ചു. വാദ്യമേളങ്ങളുടെയും വേണുനാദത്തിൻ്റെയും അകമ്പടിയോടെ നീങ്ങിയ ഭക്തി നിർഭരമായ ശോഭായാത്രയിൽ ആബാലവൃദ്ധം ജനങ്ങൾ അണിനിരന്നു.

Advertisements

പന്തലായനി, വലിയമങ്ങാട്, ഏഴുകുടിക്കൽ, ആന്തട്ട, ചെറിയമങ്ങാട്, വിരുന്നു കണ്ടി, മനയിടത്ത് പറമ്പ്, പെരുവട്ടൂർ, കോതമംഗലം, കണയങ്കോട് ‘ഉപ്പാലക്കണ്ടി ,കൊല്ലം ബീച്ച്, കൊരയങ്ങാട്, കേന്ദ്രങ്ങളിൽ നിന്ന് ആരംഭിച്ച് ചെറുശോഭായാത്രയായി കൊരയങ്ങാട് തെരുവിൽ സംഗമിച്ച ശേഷം കെ.വി.നാരായണൻ, ആഘോഷ പ്രമുഖ് മിഥുൻ പെരുവെട്ടൂരിന് പതാക കൈമാറി. മഹാശോഭായാത്രയായി സ്റ്റേഡിയത്തിലെത്തി സമാപിച്ചു.

ബാലഗോകുലം റവന്യൂ ജില്ലാ പ്രസിഡണ്ട്, രാധാകൃഷ്ണൻ ഉണ്ണികുളം, വി.കെ. ജയൻ, വായനാരി വിനോദ് ,കെ.വി. സുരേഷ്, വി.കെ. മുകുന്ദൻ, ടി.പി, പ്രീജിത്ത്, എം.വി. സജിത്ത്, ഷിം ജി, എം.വി. അർഷിത്ത്, കെ.പി.എൽ. മനോജ് എന്നിവർ നേതൃത്വം നൽകി. സ്പോർട്സ് കൗൺസിൽ സ്റ്റേഡിയത്തിൽ പ്രസാദ വിതരണത്തോടെ സമാപിച്ചു.

Share news