ലോഡ്ജിൽ വെച്ച് ജെസ്നയെ കണ്ടെന്ന വെളിപ്പെടുത്തൽ; മുൻ ലോഡ്ജ് ജീവനക്കാരിയുടെ മൊഴി രേഖപ്പെടുത്തി സിബിഐ

ജെസ്ന തിരോധാനക്കേസിൽ മുണ്ടക്കയത്തെ മുൻ ലോഡ്ജ് ജീവനക്കാരിയുടെ മൊഴി രേഖപ്പെടുത്തി സിബിഐ. ജെസ്നയെ ലോഡ്ജിൽ വെച്ച് കണ്ടെന്നായിരുന്ന വെളിപ്പെടുത്തലിനെ തുടർന്നായിരുന്നു മൊഴിയെടുക്കൽ. ലോഡ്ജ് ഉടമ ബിജുവിൻ്റെ മൊഴിയെടുക്കൽ ഇന്നലെ സിബിഐ രേഖപ്പെടുത്തിയിരുന്നു.

മുണ്ടക്കയം ലോഡ്ജിലേക്ക് വിളിച്ചുവരുത്തിയാണ് സിബിഐ മുൻ ലോഡ്ജ് ജീവനക്കാരി രമണിയുടെ മൊഴി രേഖപ്പെടുത്തിയത്. രണ്ടര മണിക്കൂർ മൊഴിയെടുക്കൽ നീണ്ടുനിന്നു. സിബിഐ സംഘത്തോട് പറയാനുള്ളതെല്ലാം പറഞ്ഞുവെന്ന് മുണ്ടക്കയം സ്വദേശിനി മാധ്യമങ്ങളോട് പറഞ്ഞു. ലോഡ്ജ് ഉടമയുമായുള്ള തർക്കമാണ് ഇപ്പോൾ ഇത് പറയാനുള്ള കാരണമെന്നാണ് രമണി മാധ്യമങ്ങളോട് വ്യക്തമാക്കിയത്. രമണിയുടെ മൊഴിയെടുക്കലിന് മുന്നോടിയായി കഴിഞ്ഞദിവസം ലോഡ്ജ് ഉടമയുടെ മൊഴി സിബിഐ രേഖപ്പെടുത്തിയിരുന്നു.

അന്വേഷണം തുടരുകയാണെന്ന് സിബിഐ സംഘം അറിയിച്ചു. ഇന്നലെ ലോഡ്ജിലും പരിസരത്തും വിശദമായ പരിശോധനകൾ നടത്തിയിരുന്നു. കാണാതാകുന്നതിന് രണ്ട് ദിവസം മുൻപ് ലോഡ്ജിൽ വെച്ച് ജെസ്നയെ കണ്ടു എന്നായിരുന്നു മുണ്ടക്കയം സ്വദേശിനിയുടെ വെളിപ്പെടുത്തൽ. മുൻപ് കേസന്വേഷിച്ച ക്രൈം ബ്രാഞ്ച് രമണിയുടെ മൊഴിയിൽ കഴമ്പില്ലെന്ന് കണ്ടെത്തിയിരുന്നു.

