KOYILANDY DIARY.COM

The Perfect News Portal

കൊലപാതകത്തിനുശേഷം ഒളിവിൽ പോയി; വാട്സ്ആപ് സന്ദേശം ചതിച്ചു, പ്രതിയെ വലയിലാക്കി പൊലീസ്

ക്രിമിനൽ ലിസ്റ്റിൽ ഉൾപ്പെട്ടയാളെ കൊലപ്പെടുത്തിയ കേസിലെ പ്രതിയെ കുടുക്കിയത് വാട്സ്ആപ് സന്ദേശം. തിരുവനന്തപുരം ബീമാപള്ളി സ്വദേശിയായ ഷിബിലിയുടെ കൊലപാതക കേസിലെ പ്രതിയെയാണ് വാട്സ്ആപ് സന്ദേശത്തിലൂടെ പിടികൂടിയത്. കേസിലെ രണ്ടാം പ്രതിയാണ് അറസ്റ്റിലായ മുട്ടത്തറ ബീമാപള്ളി കുന്നു വിളാകംപുരയിടത്തിൽ മുഹമ്മദ് ഇനാദ് (21). കൊലപാതകത്തിന് ശേഷം നാലുദിവസമായി ഒളിവിലായിരുന്ന പ്രതി പെൺസുഹൃത്തിന് അയച്ച വാട്സാപ്പ് സന്ദശമാണ് വിനയായത്.

 

ഇയാളുടെ ഫോൺ ലൊക്കേഷൻ പരിശോധിക്കുമ്പോൾ ഫോൺ ഓഫ് ആയാണ് കാണിച്ചിരുന്നത്. എന്നാൽ ഇനാദ് ഇടയ്ക്കിടെ ഫോൺ ഉപയോഗിക്കുന്നതായി മനസിലാക്കാൻ സൈബർ സെല്ലിന് കഴിഞ്ഞു. ഇയാൾ പെൺസുഹൃത്തിന് നിരന്തരമായി വാട്സാപ്പിൽ മെസ്സേജ് അയച്ചുവെന്ന് മനസ്സിലാക്കിയതോടെ പൊലീസ് നിരീക്ഷണം ശക്തമാക്കി. പെൺകുട്ടിയിൽ നിന്നും പണം വാങ്ങാൻ എത്തിയ ഇനാദിനെ സിറ്റി ഷാഡോ പൊലീസ് രാത്രി വീട്ടിൽനിന്ന് അറസ്റ്റു ചെയ്യുകയായിരുന്നു.

 

പോലീസിന്റെ നീക്കങ്ങൾ സുഹൃത്തുക്കളാണ് ഇനാദിനെ അറിയിച്ചിരുന്നത്. ലഹരി സംഘങ്ങളുടെ സംരക്ഷണത്തിലാണ് ഇയാൾ പല സ്ഥലങ്ങളിലായി ഒളിവിൽ കഴിഞ്ഞത്. കേസിലെ ഒന്നാം പ്രതിയും, ഇനാദിന്റെ അനിയനുമായ ഇനാസിനെ തിരുനെൽവേലിയിൽ നിന്നും, മൂന്നാം പ്രതിയും സുഹൃത്തുമായ സഹീർഖാനെ ബീമാപള്ളിയിലുള്ള വീട്ടിൽ നിന്നും നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.

Advertisements

 

 

ഇരുപത്തിയേഴ് ക്രിമിനൽ കേസുകളിൽ പ്രതിയാണ് കൊല്ലപ്പെട്ട ഷിബിലി. ബീമാപള്ളി കടപ്പുറത്തിട്ട് സംഘം ചേർന്ന് ക്രൂരമായാണ് ഷിബിലിയെ കൊലപ്പെടുത്തിയത്. ഷിബിലിയുടെ സുഹൃത്തായ റിയാസിന്റെ ജ്യേഷ്ഠൻ ഒരു മാസം മുൻപ് ഇനാസിനെ മർദിച്ചതാണു കൊലപാതകത്തിലേക്ക് നയിച്ച കാരണം. ബീമാപ്പള്ളിക്കു സമീപത്തുവെച്ചു ഇനാസിനെ ഷിബിലിയും മർദിച്ചു. ഇനാസ്, സഹോദരൻ ഇനാദിനെയും സുഹൃത്തിനെയും വിളിച്ചു വരുത്തി ഷിബിലിയെ ആക്രമിക്കുകയും കൊലപ്പെടുത്തുകയുമായിരുന്നു.

Share news