KOYILANDY DIARY.COM

The Perfect News Portal

ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ ഗൗരവതരമാണെന്ന് ഡിവൈഎഫ്‌ഐ

സിനിമാ മേഖലയിലെ സ്ത്രീകളുടെ പ്രശ്‌നങ്ങള്‍ പഠിക്കാന്‍ നിയോഗിച്ച റിട്ട. ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ ഗൗരവതരമാണെന്ന് ഡിവൈഎഫ്‌ഐ. ഇടതുപക്ഷ ജനാധിപത്യ മുന്നണി സര്‍ക്കാരാണ് സിനിമാ മേഖലയില്‍ സ്ത്രീകള്‍ അഭിമുഖീകരിക്കുന്ന വിവിധ വിഷയങ്ങളെ കുറിച്ച് പഠിക്കുവാന്‍ ഹേമ കമ്മിറ്റിയെ നിയോഗിച്ചത്. ഇന്ത്യന്‍ സിനിമയുടെ ചരിത്രത്തില്‍ തന്നെ ഇത്തരത്തില്‍ ഒരു കമ്മിറ്റി ആദ്യമായിട്ടാണ്.

സിനിമാ സെറ്റുകളില്‍ സ്ത്രീകള്‍ കടുത്ത വിവേചനവും, ലൈംഗിക ചൂഷണവും നേരിടുന്നതായും, എതിര്‍പ്പ് പറഞ്ഞാല്‍ അവസരങ്ങള്‍ നിഷേധിക്കപ്പെടുന്നതായും കാസ്റ്റിങ് കൗച്ച് ഉണ്ടന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇത്തരം പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ഹേമ കമ്മിറ്റി മുന്നോട്ട് വച്ച ശുപാര്‍ശകള്‍ സര്‍ക്കാര്‍ കൂടിയാലോചന നടത്തി പ്രയോഗത്തില്‍ വരുത്തണം.

ലോകസിനിമയില്‍ തന്നെ ശ്രദ്ധേയമായ പല നേട്ടങ്ങളും അടയാളപ്പെടുത്തിയതാണ് മലയാള സിനിമ. കേരളത്തിന്റെ സാംസ്‌കാരിക മുന്നേറ്റത്തില്‍ സിനിമയ്ക്ക് വലിയ പങ്കുണ്ട്. ഇതിനെ കളങ്കപ്പെടുത്തുന്നവര്‍ നടപടിക്ക് വിധേയരാവണം. എന്നാല്‍ ഇതിന്റെ പേരില്‍ എല്ലാവരും മോശക്കാരാണ് എന്ന പ്രചാരണവും പാടില്ല. സ്ത്രീകളെ രണ്ടാം തരം പൗരന്മാരായി കാണുന്ന പ്രവണത ഇല്ലാതാക്കണം.

Advertisements

മലയാള സിനിമയ്ക്ക് അതിന്റെ സാംസ്‌കാരിക ഔന്നത്യത്തോടെ മുന്നോട്ടു പോവാന്‍ കഴിയുന്ന വിധത്തില്‍ റിപ്പോര്‍ട്ട് വിശദമായ പഠനത്തിന് വിധേയമാക്കി പ്രശ്‌നപരിഹാരം സാധ്യമാക്കുവാന്‍ സര്‍ക്കാര്‍ നടപടികള്‍ ത്വരിതപ്പെടുത്തണമെന്ന് ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു.

Share news