കൊൽക്കത്തയിലെ ഡോക്ടറുടെ കൊലപാതകം; പ്രതിയെ നുണപരിശോധനയ്ക്ക് വിധേയമാക്കും

കൊല്‍ക്കത്തയിൽ ജൂനിയർ ഡോക്ടർ ക്രൂരപീഡനത്തിന് ഇരയായി കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതിയെ നുണപരിശോധനയ്ക്ക് വിധേയമാക്കാന്‍ തീരുമാനിച്ച് സിബിഐ. പ്രതി സഞ്ജയ് റോയിയുടെ നുണപരിശോധന സിബിഐ ഇന്ന് നടത്തും. കഴിഞ്ഞ ദിവസമാണ് പ്രതിയുടെ നുണപരിശോധന നടത്താന്‍ കോടതി അനുവാദം നൽകിയത്.

കേസിൽ പ്രതിയുടെ പങ്കാളിത്തത്തെക്കുറിച്ച് കൂടുതല്‍ അറിയാനാണ് നുണപരിശോധനയ്ക്ക് വിധേയമാക്കുന്നത്. കേസില്‍ സഞ്ജയ് റോയിയെ മാത്രമേ ഇതുവരെ സിബിഐ പ്രതി ചേര്‍ത്തിട്ടുള്ളു. എന്നാല്‍ പെണ്‍കുട്ടി കൂട്ട ബലാത്സംഗത്തിനിരയായിട്ടുണ്ടെന്നും സംഭവത്തിൽ ആശുപത്രിയിലെ നിരവധി പേര്‍ക്ക് പങ്കുണ്ടെന്നും കുടുംബം പറയുന്നു.

ശനിയാഴ്ച സിബിഐ സഞ്ജയ് റോയിയുടെ മാനസികനില പരിശോധിച്ചിരുന്നു. പ്രതിക്കെതിരെ പങ്കാളിയുടെ മാതാവും രംഗത്തെത്തിയിരുന്നു. പ്രതി എപ്പോഴും തന്റെ മകളെ മര്‍ദിക്കാറുണ്ടെന്ന് മാതാവ് പറഞ്ഞു. അതേസമയം, ജൂനിയർ ഡോക്ടർ ക്രൂരപീഡനത്തിന് ഇരയായി കൊല്ലപ്പെട്ട സംഭവത്തിൽ സ്വമേധയാ സ്വീകരിച്ച ഹർജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും. ക്രൂരമായാണ് ഡോക്ടറെ കൊലപ്പെടുത്തിയതെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്തുവന്നിരുന്നു.

തലയിലും മുഖത്തും സ്വകാര്യഭാഗങ്ങളിലുമടക്കം 14 മുറിവുകളുണ്ട്. എല്ലാ മുറിവുകളും മരണത്തിന് മുമ്പ് ഉണ്ടായതാണ്. കഴുത്ത് ഞെരിച്ച് ശ്വാസം മുട്ടിച്ചാണ് കൊലപ്പെടുത്തിയത്. ശ്വാസകോശത്തിൽ രക്തം കട്ടപിടിച്ചിരുന്നു. കടുത്ത ലൈംഗിക അതിക്രമത്തിന് ഇരയായെന്നും പോസ്റ്റ്മോർട്ടം റിപ്പോർട്ട് വ്യക്തമാക്കുന്നു. ആഗസ്ത് ഒൻപതിനാണ് ആശുപത്രിയിലെ സെമിനാർ ഹാളിൽ ഡോക്ടറെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്.

സംഭവത്തിൽ കൊൽക്കത്ത പൊലീസിലെ സിവിക് വൊളന്റിയറും തൃണമൂൽ കോൺഗ്രസ് പ്രവർത്തകനുമായ സഞ്ജയ് റോയിയെ അറസ്റ്റ് ചെയ്തിരുന്നു. എന്നാൽ പ്രതിയെ സംരക്ഷിക്കാനും കേസ് അട്ടിമറിക്കാനുമുള്ള ശ്രമങ്ങളാണ് സർക്കാർ നടത്തുന്നതെന്നു കാണിച്ച് ഡോക്ടർമാർ പ്രതിഷേധം ശക്തമാക്കിയിരുന്നു. രൂക്ഷ വിമർശം ഉന്നയിച്ച കൊൽക്കട്ട ഹൈക്കോടതി കേസ് സിബിഐക്ക് വിട്ടിരുന്നു.
