KOYILANDY DIARY.COM

The Perfect News Portal

‘കൺസ്യൂമർഫെഡ് ജനങ്ങളിലേക്ക്…’ ഗൃഹസന്ദർശന ക്യാമ്പയിൻ ആരംഭിച്ചു

‘കൺസ്യൂമർഫെഡ് – ജനങ്ങളിലേക്ക്’ ഉപഭോക്തൃ ഗൃഹസന്ദർശന ക്യാമ്പയിൻ ആരംഭിച്ചു. ഓണക്കാലത്തെ വിലക്കയറ്റം പിടിച്ചു നിർത്താൻ കൺസ്യൂമർഫെഡ് നടത്തിയ ഒരുക്കങ്ങൾ വിശദീകരിച്ച് കൊണ്ട് സംസ്ഥാന തലത്തിൽ ആഗസ്റ്റ് 15 മുതൽ 31 വരെ നടത്തുന്ന ക്യാമ്പയിനിന്റെ സംസ്ഥാനതല ഉദ്ഘാടനം കൺസ്യൂമർഫെഡ് ചെയർമാൻ എം. മെഹബൂബ് കോഴിക്കോട് ബാലുശ്ശേരിയിൽ നിർവ്വഹിച്ചു.

ജീവനക്കാരും ഭരണസമിതിയംഗങ്ങളും രണ്ടാഴ്ചക്കാലം വിവിധ ഗ്രൂപ്പുകളായി തിരിഞ്ഞ് ക്യാമ്പയിൻ പ്രവർത്തനം നടത്തും. ഓണക്കാലത്ത് വിപണിയിലെ കൃത്രിമ വിലക്കയറ്റം നിയന്ത്രിക്കാൻ ആവശ്യമായ എല്ലാ ഒരുക്കങ്ങളും കൺസ്യൂമർഫെഡ് പൂർത്തീകരിച്ചു വരികയാണെന്ന് ചെയർമാൻ എം മെഹബൂബ് പറഞ്ഞു.

 

കൺസ്യൂമർഫെഡിന്റെ നിയന്ത്രണത്തിലുള്ള 185 ത്രിവേണി സൂപ്പർമാർക്കറ്റുകളിലും എല്ലാ നിത്യോപയോഗ സാധനങ്ങളും ഈ ഓണക്കാലത്ത് യഥേഷ്ടം ലഭ്യമാകും. അതോടൊപ്പം ദിനേശ്, റെയ്ഡ്കോ, മിൽമ തുടങ്ങിയ സഹകരണ സ്ഥാപനങ്ങളുടെ ഉല്പന്നങ്ങളും, പ്രമുഖ ബ്രാന്റുകളിലുള്ള സ്റ്റേഷനറി കോസ്മറ്റിക്സ് സാധനങ്ങളും എം ആർ പിയിലും കുറഞ്ഞ ഓഫർവിലയിൽ ത്രിവേണികളിൽ ലഭ്യമാകും. ഇതിനകം തന്നെ വിവിധ കമ്പനികളുമായി ധാരണയിലെത്തി കുറഞ്ഞ നിരക്കിൽ സാധനങ്ങൾ ഗോഡൗണുകളിൽ സ്റ്റോക്ക് ചെയ്തു തുടങ്ങി.

Advertisements

 

വിലക്കയറ്റം പിടിച്ചു നിർത്താനായി സർക്കാർ നിർദ്ദേശ പ്രകാരം സഹകരണ വകുപ്പ് മുഖേനെ കൺസ്യൂമർഫെഡ് 1500 ഓണവിപണികളും ആരംഭിക്കും. നഗരങ്ങളിലും ഗ്രാമങ്ങളിലുമായി സഹകരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ ആരംഭിക്കുന്ന ഓണച്ചന്തകൾ വഴി 13 ഇനം നിത്യോപയോഗ സാധനങ്ങൾ സർക്കാർ സബ്സിഡിയോടെ വിതരണം നടത്തുമെന്നും കൺസ്യൂമർഫെഡ് ചെയർമാൻ പറഞ്ഞു.

Share news