KOYILANDY DIARY.COM

The Perfect News Portal

ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ നിറപുത്തരി തിങ്കളാഴ്ച

തിരുവനന്തപുരം ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തില്‍ കര്‍ക്കിടക മാസത്തിലെ നിറപുത്തരി ചടങ്ങ് തിങ്കളാഴ്ച. നിറയ്ക്കുള്ള നെൽക്കതിരുകൾ നഗരസഭയുടെ നേതൃത്വത്തിൽ കിഴക്കേനടയിൽ എത്തിച്ചു. തിങ്കളാഴ്ച പുലർച്ചെ 5.45നാണ് ചടങ്ങ്. പുത്തരിക്കണ്ടം മൈതാനത്ത് പ്രത്യേകം തയ്യാറാക്കിയ വയലിലാണ് നഗരസഭയും കൃഷിവകുപ്പും സംയുക്തമായി നെൽകൃഷി ചെയ്തത്. കതിർക്കറ്റകൾ മേയർ ആര്യാ രാജേന്ദ്രന്റെ നേതൃത്വത്തിലാണ് ക്ഷേത്രത്തിലെത്തിച്ചത്.

പദ്മതീർത്ഥക്കുളത്തിന്റെ തെക്കേ കൽമണ്ഡപത്തിൽ നിന്ന് വാദ്യമേളങ്ങളോടെ തിരുവമ്പാടി കുറുപ്പ് തലയിലേറ്റി എഴുന്നള്ളിക്കുന്ന കതിർക്കറ്റകൾ കിഴക്കേ നാടകശാല മുഖപ്പിൽ എത്തിക്കും. അവിടെ ആഴാതി പുണ്യാഹം ചെയ്ത ശേഷം തലച്ചുമടായി ശീവേലിപ്പുരയിലൂടെ പ്രദക്ഷിണം വെച്ച് അഭിശ്രവണ മണ്ഡപത്തിലെത്തിക്കും.

 

അവിടെ ദന്തം പതിച്ച സിംഹാസനത്തിൽ വയ്ക്കുന്ന കതിർക്കറ്റകൾ പെരിയനമ്പി കതിർപൂജ നിർവഹിക്കും. തുടർന്ന് ശ്രീപദ്മനാഭസ്വാമിയുടെയും ഉപദേവന്മാരുടെയും ശ്രീകോവിലുകളിൽ കതിർനിറയ്ക്കും. അവിൽ നിവേദ്യവും ഉണ്ടായിരിക്കും. പൂജിച്ച കതിരുകൾ ഭക്തർക്ക് വിതരണം ചെയ്യും. വീടുകളിൽ കെട്ടിയിടുന്ന കതിരുകൾ ഒരു വർഷം മുഴുവനും ഐശ്വര്യസൂചകമായി സൂക്ഷിക്കും.

Advertisements
Share news