കറൻസി നിരോധനം : ആര്‍.ബി.ഐ. ഗവര്‍ണര്‍ ഊര്‍ജിത് പട്ടേല്‍ പി.എ.സി.ക്കു മുന്നില്‍ ഹാജരായി വിശദീകരണം നല്കണം

മുംബൈ: നോട്ട് പിന്‍വലിച്ചതിന്റെ പശ്ചാത്തലത്തില്‍ പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റിക്കു (പിഎസി) മുന്നില്‍ നേരിട്ടു ഹാജരായി വിശദീകരണം നല്‍കാന്‍ റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ഉര്‍ജിത് പട്ടേലിന് നിര്‍ദ്ദേശം. കെ.വി. തോമസ് അധ്യക്ഷനായ പിഎസി ഇതേക്കുറിച്ച് അന്വേഷണം നടത്തിവരുകയാണ്. നോട്ട് പിന്‍വലിക്കലുമായി ബന്ധപ്പെട്ട് പൊതുവെ ഉയര്‍ന്നിരിക്കുന്ന സംശയങ്ങള്‍ ക്രോഡീകരിച്ച് ചോദ്യങ്ങളുടെ ഒരു പട്ടികയും റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ക്ക് അയച്ചതായി കെ.വി. തോമസ് അറിയിച്ചു. ജനുവരി 20ന് പിഎസിക്ക് മുന്നില്‍ ഹാജരാകാനാണ് നിര്‍ദ്ദേശം.
നോട്ടുകള്‍ അസാധുവാക്കാനുള്ള തീരുമാനം എപ്രകാരം കൈക്കൊണ്ടു, ഈ തീരുമാനം ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയെ എങ്ങനെ ബാധിക്കും തുടങ്ങിയ കാര്യങ്ങള്‍ സമിതിക്കുമുന്നില്‍ ഹാജരായി വിശദീകരിക്കാനാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നതെന്ന് കെ.വി.തോമസ് വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു. ഇതുവരെ ബാങ്കുകളില്‍ തിരികെയെത്തിയ അസാധുനോട്ടുകളുടെ മൂല്യം, ബാങ്കുകള്‍ക്ക് ലഭിച്ച കള്ളപ്പണമെത്ര, അസാധു നോട്ടുകള്‍ക്ക് പകരം പുറത്തിറക്കിയ പുതിയ നോട്ടുകളുടെ മൂല്യം എന്നിവ വെളിപ്പെടുത്താനും ഉര്‍ജിത് പട്ടേലിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. കേന്ദ്ര സര്‍ക്കാര്‍ വിഭാവനം ചെയ്യുന്ന ‘കറന്‍സി രഹിത സമ്പദ്
വ്യവസ്ഥ’ എന്ന തലത്തിലേക്ക് വളരാന്‍ രാജ്യം എത്രമാത്രം തയാറാണ് എന്നും വിശദീകരിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് കെ.വി. തോമസ് അറിയിച്ചു.

അസാധുവാക്കിയ നോട്ടുകള്‍ക്ക് പകരം ആവശ്യത്തിന് നോട്ടുകള്‍ ലഭ്യമാക്കാത്തതിന്റെ പേരില്‍ പ്രതിപക്ഷ നേതാക്കള്‍ ഉര്‍ജിത് പട്ടേലിനെതിരെ രംഗത്തെത്തിയിരുന്നു. പഴയ നോട്ടുകള്‍ മാറ്റിയെടുക്കുന്നതിനും പണം പിന്‍വലിക്കുന്നതിനും നിയന്ത്രണം ഏര്‍പ്പെടുത്താനുള്ള തീരുമാനവും അദ്ദേഹത്തിനെതിരെ കടുത്ത വിമര്‍ശനം വരുത്തിവച്ചിരുന്നു. നോട്ട് നിരോധനം നടപ്പാക്കിയതിലെ പിടിപ്പുകേടിന്റെ പേരില്‍ റിസര്‍വ് ബാങ്ക് ഗവര്‍ണറെ ഉടന്‍ വിളിച്ചുവരുത്തണമെന്ന് പ്രതിപക്ഷത്തിന് അഭിപ്രായമുണ്ടായിരുന്നു. സര്‍ക്കാരിനെതിരെയെന്ന് വ്യാഖ്യാനിക്കാവുന്ന നടപടിക്കു ബിജെപിക്ക് ഭൂരിപക്ഷമുള്ള പിസി തയാറാകുമോയെന്ന് സംശയങ്ങളുയര്‍ന്നിരുന്നു. മുന്‍ സര്‍ക്കാരിന്റെ കാലത്ത് പിഎസിയില്‍ ഭരണ, പ്രതിപക്ഷങ്ങള്‍ ചേരിതിരിയുന്നതായിരുന്നു പതിവ്.

എന്നാല്‍, റിസര്‍വ് ബാങ്ക് ഗവര്‍ണറെ വിളിച്ചുവരുത്താനുള്ള തീരുമാനത്തിന് രാഷ്ട്രീയ നിറം നല്‍കേണ്ടതില്ലെന്നും കെ.വി. തോമസ് വ്യക്തമാക്കി. ഡിസംബര്‍ പകുതിയോടെ റിസര്‍വ് ബാങ്ക് ഗവര്‍ണറെ വിളിച്ചുവരുത്താനായിരുന്നു ആദ്യ തീരുമാനമെങ്കിലും നോട്ട് പ്രതിസന്ധി പരിഹരിക്കാന്‍ പ്രധാനമന്ത്രി 50 ദിവസം ആവശ്യപ്പെട്ട സാഹചര്യത്തില്‍ ഇത് ജനുവരിയിലേക്ക് നീട്ടുകയായിരുന്നുവെന്ന് അദ്ദേഹം വിശദീകരിച്ചു.

