വയനാട്ടിലെ അനാഥബാല്യങ്ങള്‍ക്ക് തുണയാകാന്‍ നാദാപുരം സ്വദേശികള്‍

വയനാട്ടിലെ ദുരന്തത്തില്‍ അനാഥരായ കുട്ടികളെ ദത്തെടുക്കാന്‍ താല്പര്യവുമായി വടകരയിലെ ദമ്പതികള്‍. നാദാപുരം റോഡിലെ ജനാര്ദ്ദനന് – ലത ദമ്പതികളാണ് സര്‍ക്കാറിന്റെ കനിവ് തേടുന്നത്. കുട്ടികളില്ലാത്ത ദുഃഖത്തോടൊപ്പം വയനാട്ടിലെ ദുരന്തം സൃഷ്ടിച്ച വേദനയാണ് ഇവരെ ഈ തീരുമാനത്തിലെത്തിച്ചത്.

വയനാട് ദുരിതബാധിതരെ സഹായിക്കാന്‍ നാടിന്റെ സഹായങ്ങള്‍ പല വഴികളിലൂടെ എത്തുന്നു. വീടും ഭൂമിയും ദുരിതാശ്വാസ നിധിയിലേക്കുള്ള ഫണ്ട് എത്തിക്കലും തുടരുമ്പോള്‍ അനാഥ ബാല്യങ്ങള്‍ക്ക് കൈത്താങ്ങാവാനും മലയാളികള്‍ സന്നദ്ധരാണ്. വടകര നാദാപുരം റോഡ് സ്വദേശികളായ ദമ്പതികള്‍, മാതാപിതാക്കള്‍ നഷ്ടപ്പെട്ട കുട്ടികളെ ദത്തെടുക്കാനുള്ള താല്‍പ്പര്യമാണ് മുന്നോട്ട് വെക്കുന്നത്.

27 വര്‍ഷം മുമ്പാണ് ഇവര്‍ വിവാഹിതരായത്. വടകരയിലെ സ്വകാര്യ ധനകാര്യ സ്ഥാപനത്തിലെ ഏരിയ മാനേജരാണ് ജനാര്ദ്ദനന്. ദത്തെടുക്കാനുള്ള നിയമ നടപടികള്‍ക്ക് കാലതാമസമുണ്ടാകും, വയനാട്ടിലെ പ്രത്യേക സാഹചര്യം പരിഗണിച്ച് സര്‍ക്കാര്‍ ഇളവ് നല്‍കുമെന്ന പ്രതീക്ഷയിലാണിവര്‍.

