KOYILANDY DIARY.COM

The Perfect News Portal

333 പേർകൂടി പൊലീസ് സേനയുടെ ഭാഗമായി

തിരുവനന്തപുരം: പരിശീലനം പൂർത്തിയാക്കിയ 333 പേർ കേരള പൊലീസിന്റെ ഭാഗമായി. തിരുവനന്തപുരം പേരൂർക്കട എസ്എപി ക്യാമ്പിൽ നടന്ന പാസിങ് ഔട്ട് പരേഡിൽ മുഖ്യമന്ത്രി പിണറായി വിജയൻ അഭിവാദ്യം സ്വീകരിച്ചു. തിരുവനന്തപുരം എസ്എപി ക്യാമ്പിൽ പരിശീലനം പൂർത്തിയാക്കിയ 179 പേരും കെഎപി അഞ്ചാം ബറ്റാലിയനിൽ പരിശീലനം നേടിയ 154പേരുമാണ് പാസിങ് ഔട്ട് പരേഡിൽ പങ്കെടുത്തത്.


    
തിരുവനന്തപുരം പനവൂർ സ്വദേശി എസ് അക്ഷയ് ആയിരുന്നു പരേഡ് കമാൻഡർ. മുല്ലൂർ സ്വദേശി രാഹുൽ കൃഷ്ണൻ എൽ ആർ സെക്കൻഡ് ഇൻ കമാൻഡർ ആയി. എസ്എപിയിൽ  പരിശീലനം പൂർത്തിയാക്കിയവരിൽ മികച്ച ഇൻഡോർ കേഡറ്റായി എസ് പി ജയകൃഷ്ണനും മികച്ച ഔട്ട്ഡോർ കേഡറ്റായി എം ആനന്ദ് ബാബുവും തിരഞ്ഞെടുക്കപ്പെട്ടു. എസ് സാജിർ ആണ് മികച്ച ഷൂട്ടർ. വി കെ വിജേഷ് ആണ് ഓൾ റൗണ്ടർ. കെഎപി അഞ്ചാം ബറ്റാലിയനിൽ പരിശീലനം നേടിയ ഏറ്റവും മികച്ച ഇൻഡോർ കേഡറ്റ് എം എം വിഷ്ണുവാണ്. എൽ ആർ രാഹുൽ കൃഷ്ണൻ മികച്ച ഔട്ട്ഡോർ കേഡറ്റും ഡോൺ ബാബു മികച്ച ഷൂട്ടറുമായി. എം എസ് അരവിന്ദ് ആണ് ഓൾ റൗണ്ടർ.

എസ്എപി ബറ്റാലിയനിൽ പരിശീലനം നേടിയവരിൽ ബിടെക്ക്  ബിരുദധാരികളായ 29 പേരും എംടെക്ക് ഉള്ള ഒരാളും ഉണ്ട്. 105 പേർക്ക് ബിരുദവും 13പേർക്ക് ബിരുദാനന്തര ബിരുദവും ഉണ്ട്. കെഎപി അഞ്ചാം ബറ്റാലിയനിൽ പരിശീലനം പൂർത്തിയാക്കിയവരിൽ 11 പേർ എൻജിനീയറിങ് ബിരുദധാരികളാണ്. ഡിഗ്രി യോഗ്യയതയുള്ള 85 പേരും എംഎസ്ഡബ്ള്യുവും എംബിഎയും ഉൾപ്പെടെയുള്ള പി ജി ബിരുദങ്ങൾ നേടിയ 24 പേരും ഈ ബാച്ചിൽ ഉണ്ട്. സംസ്ഥാന പൊലീസ് മേധാവി ഡോ. ഷെയ്ഖ് ദർവേഷ് സാഹിബ്, മുതിർന്ന പൊലീസ് ഓഫീസർമാർ എന്നിവർ പാസിങ് ഔട്ട് ചടങ്ങിൽ പങ്കെടുത്തു.

Share news