KOYILANDY DIARY.COM

The Perfect News Portal

വയനാട്ടിലെ ദുരന്തബാധിത പ്രദേശങ്ങളിലെ സ്കൂൾ വിദ്യാഭ്യാസം ഉടൻ പുനരാരംഭിക്കും; മന്ത്രി വി ശിവൻകുട്ടി

വയനാട്ടിലെ ദുരന്തബാധിത പ്രദേശങ്ങളിലെ സ്കൂൾ വിദ്യാഭ്യാസം ഉടൻ പുനരാരംഭിക്കുമെന്ന് മന്ത്രി വി ശിവൻകുട്ടി. നിലവിൽ സ്കൂൾ തുറന്ന് പ്രവർത്തിക്കൽ ദുഷ്ക്കരമാണെന്നും താൽക്കാലിക സംവിധാനം ഒരുക്കുമെന്നും അദ്ദേഹം പറഞ്ഞു. കുട്ടികൾക്ക് കൗൺസിലിങ് നടത്തുന്നുണ്ട്. പാഠപുസ്തകങ്ങളുടെ പ്രിൻ്റിങ് ആരംഭിച്ചിട്ടുണ്ട്.

സർട്ടിഫിക്കറ്റുകൾ നഷ്ടമായവർക്ക് ലഭ്യമാക്കാനുള്ള കാര്യങ്ങൾ ചെയ്യും. ഇതിനായി മൂന്ന് ജില്ലകളിലെ ഉന്നത ഉദ്യോഗസ്ഥർക്ക് ചുമതല നൽകിയിട്ടുണ്ട്. തകർന്ന രണ്ട് സ്കൂളുകളും വിദ്യാഭ്യാസ വകുപ്പ് നിർമിക്കുമെന്നും ടൗൺ ഷിപ്പ് മാതൃകയിലായിരിക്കും നിർമാണമെന്നും മന്ത്രി പറഞ്ഞു.

 

അതേസമയം സ്കൂൾ വിദ്യാഭ്യാസം പുനഃരാരംഭിക്കുന്നതുമായി ബന്ധപ്പെട്ട പ്രത്യേക യോഗം ഇന്ന് ചേരും. വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിയുടെ അധ്യക്ഷതയിലാണ് യോഗം. കൽപറ്റ ഗസ്റ്റ് ഹൗസിൽ രാവിലെ 10 മണിക്കാണ് യോഗം. വിദ്യാഭ്യാസ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥർ, തദ്ദേശ സ്വയംഭരണ സ്ഥാപന മേധാവികൾ, സ്കൂൾ വിദ്യാഭ്യാസ അധികൃതർ, പിടിഎ പ്രതിനിധികൾ എന്നിവർ യോഗത്തിൽ പങ്കെടുക്കും. എത്രയും പെട്ടെന്ന് ക്ലാസുകൾ ആരംഭിക്കുന്നതിനുള്ള കർമ്മപദ്ധതി യോഗം ചർച്ച ചെയ്യും.

Advertisements

 

മനശാസ്ത്രപരമായ പിന്തുണ, താൽക്കാലിക പഠന ഇടങ്ങൾ, സാമഗ്രികളുടെ വിതരണം, പാഠ്യപദ്ധതി ക്രമീകരണം, ഓൺലൈൻ പഠന സാധ്യതകൾ എന്നിവ യോഗത്തിൽ പ്രധാന വിഷയങ്ങളാകും. യോഗത്തിനു മുന്നോടിയായി പൊതുവിദ്യാഭ്യാസ വകുപ്പിലെ വിവിധ ഉദ്യോഗസ്ഥരുടെ യോഗം മന്ത്രി ഓൺലൈനിൽ വിളിച്ചുചേർത്തിരുന്നു.

Share news