ദുരിതാശ്വാസനിധിയിലേക്ക് യുകെജി വിദ്യാർഥി 2 സ്വർണ്ണ വളകൾ നൽകി മാതൃകയായി

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് രണ്ട് സ്വർണ്ണവളകൾ സംഭാവന നൽകി യുകെജി വിദ്യാർഥി മാതൃകയായി. എരഞ്ഞിക്കൽ സ്വദേശിയായ വിദ്യാർത്ഥിയാണ് ദുരിതബാധിതർക്ക് കൈത്താങ്ങായത്. കോഴിക്കോട് കോർപ്പറേഷൻ കൗൺസിലർ വി. പി മനോജ് സ്വർണ്ണവളകൾ ഏറ്റുവാങ്ങി.സിപിഐ(എം) എരഞ്ഞിക്കൽ വെസ്റ്റ് ലോക്കൽ സെക്രട്ടറി കെ. പ്രവീൺകുമാർ ലോക്കൽ കമ്മിറ്റി അംഗം അബൂബക്കർ സിദ്ദിഖ് ടി. ഒ എന്നിവരും ഒപ്പമുണ്ടായിരുന്നു. എന്നാൽ കുട്ടിയുടെ പേര് വെളിപ്പെടുത്താൻ ആഗ്രഹിക്കുന്നില്ലെന്ന് കുടുംബം അറിയിച്ചു.

അതേസമയം തങ്ങളുടെ സമ്പാദ്യം സ്വരൂപിച്ച് വയനാടിനായി കൈകോർത്ത കുഞ്ഞുമക്കളെ അഭിനന്ദിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ദുരിതാശ്വാസനിധിയിലേക്ക് സംഭാവന നൽകാനായി വിഴിഞ്ഞം ഹാർബർ ഏരിയാ എൽ പി സ്കൂളിലെ ഒരു കൂട്ടം വിദ്യാർത്ഥികൾ ഇന്ന് ഓഫീസിലെത്തിയിരുന്നു. കുടുക്കയിൽ ശേഖരിച്ച പണവുമായാണ് അവരെത്തിയത്.

ദുരിതബാധിതർക്ക് കൈത്താങ്ങാവുന്ന കുഞ്ഞുങ്ങളുടെ കരുതലും സ്നേഹവും അഭിനന്ദനാർഹമാണെന്നും തങ്ങളുടെ സമ്പാദ്യം സ്വരൂപിച്ച് നാടിനായി കൈകോർത്ത കുഞ്ഞുമക്കൾക്ക് എല്ലാവിധ അഭിനന്ദനങ്ങളെന്നും മുഖ്യമന്ത്രി ഫേസ്ബുക്കിൽ കുറിച്ചു.

