ദില്ലി ഐഎഎസ് കോച്ചിംഗ് സെന്ററില്‍ വിദ്യാര്‍ത്ഥികള്‍ മുങ്ങിമരിച്ച സംഭവം; സ്വമേധയ കേസെടുത്ത് സുപ്രീംകോടതി

ദില്ലി ഐഎഎസ് കോച്ചിംഗ് സെന്ററില്‍ വിദ്യാര്‍ത്ഥികള്‍ മുങ്ങിമരിച്ച സംഭവത്തില്‍ സ്വമേധയ കേസെടുത്ത് സുപ്രീംകോടതി. കോച്ചിംഗ് കേന്ദ്രങ്ങള്‍ വിദ്യാര്‍ത്ഥികളുടെ ജീവിതംവെച്ച് കളിക്കുകയാണെന്നും കോച്ചിംഗ് കേന്ദ്രങ്ങളിലെ സുരക്ഷാ മാനദണ്ഡങ്ങള്‍ വ്യക്തമാക്കണമെന്നും ചൂണ്ടിക്കാണിച്ച് കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ക്കും എംസിഡിക്കും സുപ്രീംകോടതി നോട്ടീസയച്ചു.

കോച്ചിംഗ് സെന്റ്‌റിലുണ്ടായ സംഭവം അധികൃതരുടെ കണ്ണുതുറപ്പിക്കുന്നതാണെന്നും സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാത്ത കേന്ദ്രങ്ങള്‍ക്ക് അനുമതി നല്‍കരുതെന്നും ചൂണ്ടിക്കാട്ടി. കോച്ചിംഗ് സെന്ററുകള്‍ മരണമുറികളായി മാറിയെന്നും സുപ്രീംകോടതി വിമര്‍ശിച്ചു. ദില്ലി മുഖര്‍ജി നഗര്‍ കോച്ചിംഗ് ഇന്‍സ്റ്റിറ്റ്യൂട്ടുകളുടെ പ്രവര്‍ത്തനം സംബന്ധിച്ച ദില്ലി ഹൈക്കോടതിയുടെ നിര്‍ദ്ദേശങ്ങള്‍ ചോദ്യം ചെയ്ത് കോച്ചിംഗ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ നല്‍കിയ ഹര്‍ജി പരിഗണിക്കവെയായിരുന്നു കോടതിയുടെ രൂക്ഷവിമര്‍ശനം.

സംഭവത്തില്‍ എന്‍സിടിയും കേന്ദസര്‍ക്കാരും ഫലപ്രദമായ നടപടി സ്വീകരിച്ചുവെന്ന് ഉറപ്പില്ലെന്ന് ചൂണ്ടിക്കാണിച്ച കോടതി കോച്ചിംഗ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ നല്‍കിയ അപ്പീല്‍ ഹര്‍ജി തള്ളുകയും ഒരു ലക്ഷം രൂപ ചിലവ് ചുമത്തുകയും ചെയ്തു.

