KOYILANDY DIARY.COM

The Perfect News Portal

വയനാട് ദുരന്തം: മരണ സംഖ്യ 330 കടന്നു

രാജ്യത്തിന്റെയാകെ നോവായി മാറിയ വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ മരണ സംഖ്യ 330 കടന്നു. ഇന്ന് നിലമ്പൂരില്‍ നിന്നും 8 മൃതദേഹങ്ങളും മേപ്പാടിയില്‍ നിന്ന് 9 മൃതദേഹങ്ങളുമാണ് കണ്ടെത്തിയത്. ദുരന്തത്തില്‍പ്പെട്ട മനുഷ്യരുടെ 12 ശരീരഭാഗങ്ങളും രക്ഷാപ്രവര്‍ത്തകര്‍ കണ്ടെടുത്തിട്ടുണ്ട്. 133 മൃതദേഹങ്ങളാണ് ഇതുവരെ ബന്ധുക്കള്‍ തിരിച്ചറിഞ്ഞിട്ടുള്ളത്. 181 മൃതദേഹങ്ങളുടെ പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയായി. ആശുപത്രികളിലെ ലിസ്റ്റുകളിലും മറ്റും തങ്ങളുടെ പ്രിയപ്പെട്ടവരുടെ പേരുണ്ടോ എന്ന് തിരയുന്ന വയനാട്ടിലെ മനുഷ്യര്‍ കേരളത്തിന്റെയാകെ നോവാകുകയാണ്. 

തിരിച്ചറിയാത്ത ഭൗതികശരീരങ്ങള്‍ പൊതുശ്മശാനങ്ങളില്‍ സംസ്‌കരിക്കുമെന്ന് അധികൃതര്‍ അറിയിച്ചിട്ടുണ്ട്. കല്‍പ്പറ്റ നഗരസഭ, വൈത്തിരി, മുട്ടില്‍, കണിയാമ്പറ്റ, പടിഞ്ഞാറത്തറ, തൊണ്ടര്‍നാട്, എടവക, മുള്ളന്‍കൊല്ലി ഗ്രാമ പഞ്ചായത്തുകളിലാണ് സംസ്‌കാരത്തിനുള്ള സൗകര്യം ഒരുക്കിയത്. തിരിച്ചറിയാന്‍ കഴിയാത്ത 74 മൃതശരീരങ്ങളാണ് മേപ്പാടി ഗ്രാമപഞ്ചായത്തിലെ വിവിധ സ്ഥലങ്ങളില്‍ സൂക്ഷിച്ചിട്ടുള്ളത്.

മൃതദേഹങ്ങള്‍ ബന്ധപ്പെട്ട തദ്ദേശസ്ഥാപന സെക്രട്ടറിമാര്‍ക്ക് കൈമാറി നടപടികള്‍ പൂര്‍ത്തിയാക്കും. മൃതശരീരങ്ങളുടെ സൂക്ഷിപ്പ്, കൈമാറ്റം, സംസ്‌ക്കാരം എന്നിവക്ക് രജിസ്‌ട്രേഷന്‍ വകുപ്പ് ഐ.ജി ശ്രീധന്യ സുരേഷിനെ നോഡല്‍ ഓഫീസറായി ചുമതലപ്പെടുത്തിയിട്ടുണ്ട്.

Advertisements

ആറ് സോണുകളിലാണ് ഇന്നത്തെ തിരച്ചില്‍ നടക്കുന്നത്. അട്ടമല ആറന്‍മല പ്രദേശമാണ് ആദ്യ സോണ്‍. മുണ്ടക്കൈ സോണ്‍ രണ്ടും പുഞ്ചിരിമട്ടം സോണ്‍ മൂന്നുമാണ്. വെള്ളാര്‍മല വില്ലേജ് റോഡ് നാലാം സോണാണ്. ജിവിഎച്ച്എസ്എസ് വെള്ളാര്‍മലയാണ് അഞ്ചാം സോണ്‍. ചൂരല്‍മല പുഴയുടെ അടിവാരത്തെ സോണ്‍ ആറായും തിരിച്ചിട്ടുണ്ട്. സൈന്യം ചൂരല്‍മലയില്‍ ഇതിനോടകം എത്തിച്ചേര്‍ന്നിട്ടുണ്ട്.

Share news