സൈന്യത്തിൻ്റെ രണ്ടാമത്തെ സംഘം ഡൽഹിയിൽ നിന്നെത്തി. ബെയ്ലി പാലത്തിന്റെ നിർമാണം പുരോഗമിക്കുന്നു

മേപ്പാടി: മുണ്ടക്കൈയിലും ചൂരൽമലയിലും രക്ഷാദൗത്യം സജീവമായി പുരോഗമിക്കുന്നു. വായു, കരസേനകൾക്കൊപ്പം എൻഡിആർഎഫ് കേരള ഫയർഫോഴ്‌സ്, പൊലീസ്, വനംവകുപ്പ്, റവന്യൂ, തദ്ദേശ സ്വയംഭരണ വകുപ്പുകൾ, സന്നദ്ധപ്രവർത്തകർ എന്നിവരെല്ലാം യോജിച്ചുള്ള രക്ഷാപ്രവർത്തനമാണ് ദുരന്തഭൂമിയിൽ നടക്കുന്നത്. പ്രദേശത്ത് കുടുങ്ങി കിടക്കുന്നവരെ പുറത്തെത്തിക്കുന്നത് തുടരുകയാണ്. സൈന്യം നിർമിച്ച താത്കാലിക പാലത്തിലൂടെയും വടം കെട്ടിയുമാണ് അട്ടമലയിലും മുണ്ടക്കൈ ഭാഗത്തുമായി കുടുങ്ങികിടന്നവരെ പുറത്തെത്തിക്കുന്നത്. കുടുങ്ങിക്കിടന്നവർക്കായി ഭക്ഷണവും വെള്ളവും എത്തിച്ച് നൽകിയിട്ടുണ്ട്.
മണ്ണിനടിയിൽപെട്ടവർക്കായി തിരച്ചിൽ തുടരുകയാണ്. മുണ്ടക്കെയിലും പുഞ്ചിരിമട്ടത്തുമായി നിരവധി വീടുകൾ പൂർണമായും മണ്ണിനടിയിലാണ്. ഇവിടെയെല്ലാം ആളുകൾ കുടുങ്ങിക്കിടക്കുന്നുണ്ടോ എന്നാണ് പരിശോധിക്കുന്നത്. ദുരന്തഭൂമിയിൽ രക്ഷാപ്രവർത്തനം അതീവ ദുഷ്കരമാണെന്നാണ് വിലയിരുത്തുന്നത്. ചളിമണ്ണും കൂറ്റന്‍ പാറക്കെട്ടുകളുമാണ് പ്രദേശത്ത് ഉള്ളത്. മണ്ണില്‍ കാലുറപ്പിക്കാന്‍ പോലുമാകാത്ത സ്ഥിതിയാണ്. മണ്ണും ചെളിയും മാറ്റിയുള്ള രക്ഷാദൗത്യത്തിനായി കൂടുതൽ ഉപകരണങ്ങൾ മുണ്ടക്കൈയിലേക്ക് എത്തിക്കേണ്ടതുണ്ട്. ഇവിടേക്കുള്ള ഏക പാലം ഉരുൾപൊട്ടലിൽ തകർന്നിരുന്നു.

സൈന്യം നിർമിക്കുന്ന ബെയ്ലി പാലത്തിന്റെ നിർമാണം പുരോഗമിക്കുകയാണ്. പാലം നിർമിക്കാനുള്ള ഭാഗങ്ങളും ഉപകരണങ്ങളുമായി സൈന്യത്തിന്റെ രണ്ടാമത്തെ സംഘം ഡൽഹിയിൽ നിന്ന് എത്തിയിട്ടുണ്ട്. ഇന്ത്യൻ വ്യോമസേന വിമാനത്തിൽ കണ്ണൂർ വിമാനത്താവളത്തിൽ എത്തിച്ച ഉപകരണങ്ങൾ 17 ട്രക്കുകളിലായി വയനാട്ടിലേക്ക് കൊണ്ടുപോയി. ബെയ്ലി പാലം പൂർത്തിയായാൽ മാത്രമേ മുണ്ടക്കൈയിലേക്ക് വലിയ വാഹനങ്ങളും യന്ത്രസാമഗ്രികളും എത്തിക്കാൻ കഴിയുകയുള്ളൂ.

പ്രതികൂല കാലാവസ്ഥ രക്ഷാദൗത്യത്തിന് വെല്ലുവിളിയാകുന്നുണ്ട്. നിലവിൽ നാല് സംഘങ്ങളായി തിരിഞ്ഞാണ് സൈന്യം രക്ഷാദൗത്യത്തിൽ പങ്കെടുക്കുന്നത്. കൊച്ചി, ബേപ്പൂർ എന്നിവിടങ്ങളിൽ നിന്നുള്ള കോസ്റ്റ് ഗാർഡ് സംഘവും രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടിട്ടുണ്ട്. സൈന്യത്തിന്റെയും എൻഡിആർഎഫിന്റെയുമടക്കം കൂടുതൽ രക്ഷാ പ്രവർത്തകർ ദുരന്തമേഖലയിലേക്ക് എത്തും.

സൈന്യത്തിന്റെ മൂന്ന് സ്നിഫർ നായ്ക്കളെയും ഡൽഹിയിൽ നിന്ന് എത്തിക്കും. മൃതദേഹങ്ങൾ കണ്ടെത്താനാണ് സ്‌നിഫർ ഡോഗുകളെ എത്തിക്കുന്നത്. വരും മണിക്കൂറുകളിൽ കാലാവസ്ഥ കൂടുതൽ മോശമായേക്കും. അടുത്ത മൂന്ന് മണിക്കൂറിൽ പ്രദേശത്ത് ശക്തമായ കാറ്റിനും മഴക്കും സാധ്യത ഉണ്ടെന്നാണ് കാലാവസ്ഥാ കേന്ദ്രം വിലയിരുത്തുന്നത്.
