KOYILANDY DIARY.COM

The Perfect News Portal

പെൺ സുഹൃത്തിന്റെ ക്വട്ടേഷൻ; യുവാവിനെ കാറിൽ കെട്ടിയിട്ട് ഫോൺ കവർന്നു

ഇടുക്കി അടിമാലിയിൽ യുവാവിനെ കാറിൽ കെട്ടിയിട്ട് ക്വട്ടേഷൻ സംഘം ഫോൺ കവർന്നു. ആക്രമണത്തിൽ പരുക്കേറ്റ കുഞ്ചിത്തണ്ണി ഉപ്പാർ സ്വദേശി സുമേഷ് സോമനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പെൺ സുഹൃത്താണ് ക്വട്ടേഷന് പിന്നിലെന്നാണ് യുവാവ് പൊലീസിന് മൊഴി നൽകിയിരിക്കുന്നത്.

കല്ലാറുകുട്ടിയിൽ വെച്ചാണ് സുമേഷ് സോമനെ അഞ്ചംഗ സംഘം ആക്രമിച്ചത്. കൈകാലുകൾ കാറിൻ്റെ സീറ്റിനോട് ചേർത്ത് കെട്ടിയ ശേഷം രണ്ട് ഫോണുകൾ അക്രമികൾ കവർന്നു. പുലർച്ചെ ഇതുവഴിയെത്തിയ വഴിയാത്രക്കാരാണ് സുമേഷിനെ അടിമാലി താലൂക്ക് ആശുപത്രിയിൽ എത്തിച്ചത് ഇയാളുടെ കൈക്കും കഴുത്തിനും പരിക്കേറ്റിട്ടുണ്ട്.

ഇൻഫോപാർക്ക് ജീവനക്കാരനായ സുമേഷ് നാട്ടുകാരിയായ പെൺ സുഹൃത്തുമായി ഒന്നിച്ചായിരുന്നു കഴിഞ്ഞിരുന്നത്. ഇതിനിടയിൽ ഇരുവരും തമ്മിൽ പിണങ്ങി. സുമേഷ് സ്വകാര്യ ദൃശ്യങ്ങളും ശബ്ദസന്ദേശങ്ങളും ഇൻസ്റ്റഗ്രാം വഴി പ്രചരിപ്പിച്ചെന്ന് ചൂണ്ടിക്കാട്ടി യുവതി ഇൻഫോ പാർക്ക് പൊലീസിൽ പരാതി നൽകിയിരുന്നു. ഫോൺ ഹാജരാക്കാൻ പൊലീസ് ആവശ്യപ്പെട്ടിരുന്നു. ഫോൺ തട്ടിയെടുക്കാൻ യുവതിയാണ് ക്വട്ടേഷന് നൽകിയതെന്നാണ് സുമേഷ് പൊലീസിന് നൽകിയിരിക്കുന്ന മൊഴി. യുവാവിൻ്റെ പരാതിയിൽ അടിമാലി പൊലീസ് അന്വേഷണം ആരംഭിച്ചു.

Advertisements
Share news