KOYILANDY DIARY.COM

The Perfect News Portal

ആപ്പിള്‍ പ്രേമികളെ ആവേശത്തിലാഴ്ത്തി ഐ ഫോണ്‍ ഇനി നിങ്ങള്‍ക്കും സ്വന്തമാക്കാം

ഐ ഫോണ്‍ ഇനി നിങ്ങള്‍ക്കും സ്വന്തമാക്കാം. ആരാധകര്‍ കഴിഞ്ഞ കുറേ നാളുകളായി കാത്തിരിക്കുന്ന ഐ ഫോണ്‍ 16നു പുറമേ ആപ്പിള്‍ പ്രേമികളെ ആവേശത്തിലാഴ്ത്തി പുതിയൊരു ഫോണ്‍ കൂടി അവതരിപ്പിക്കാനൊരുങ്ങുകയാണ് ആപ്പിള്‍. താങ്ങാനാവാത്ത വിലയില്‍ ആപ്പിളിറക്കുന്ന ഫോണൊക്കെ ഒരു സാധാരണക്കാരന്‍ എങ്ങനെ വാങ്ങാനാണ് എന്നാവും ഒരുപക്ഷേ നിങ്ങള്‍ ചിന്തിക്കുന്നത്.

നിരാശനാവേണ്ട. ഇപ്രാവശ്യം നിങ്ങളിതുവരെ കണ്ടതുപോലൊരു ഐ ഫോണുമായല്ല കമ്പനിയെത്തുന്നത്. ആപ്പിളിന്റെ ആവനാഴിയില്‍ ഇത്തവണയുള്ളത് ഒരു ബജറ്റ് ഫോണാണ്. ഐ ഫോണ്‍ എസ്ഇ4 എന്നു പേരിട്ടിരിക്കുന്ന ഫോണ്‍ 2025ല്‍ പുറത്തിറങ്ങുമെന്നാണ് നിലവില്‍ ലഭിക്കുന്ന വിവരം. ഐ ഫോണ്‍ അവരുടെ 16 സീരീസില്‍ ഉപയോഗിക്കുന്ന എ18 ചിപ്പ് തന്നെയാണ് എസ്ഇ4നും കരുത്തേകുന്നത്. കൂടാതെ ഐഒഎസ് 18 പ്ലാറ്റ്‌ഫോമിലെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ടൂളുകളും ഈ ഫോണില്‍ ഉണ്ടാകുമെന്നറിയുന്നു.

 

6 ജിബിയോ 8 ജിബിയോ ആയിരിക്കും റാം. കൂടാതെ 6.06 ഇഞ്ച് ഒഎല്‍ഇഡി ഡിസ്‌പ്ലെ, ടച്ച് ഐഡി സെന്‍സര്‍, ഫെയ്‌സ് ഐഡി സെന്‍സര്‍, ടൈപ്പ് സി ചാര്‍ജര്‍, 48 മെഗാപിക്‌സലിന്റെ പിന്‍ക്യാമറ എന്നിവയെല്ലാം ഫോണിന്റെ സവിശേഷതകളാണ്. എന്നാല്‍, ഫോണിന്റെ വില സംബന്ധിച്ച് കമ്പനി ഇപ്പോള്‍ വിവരങ്ങളൊന്നും വെളിപ്പെടുത്തിയിട്ടില്ല. എങ്കിലും ബജറ്റ് ഫോണ്‍ കാറ്റഗറിയില്‍ ആയിരിക്കും ഈ ഫോണിനെ ഉള്‍പ്പെടുത്തുകയെന്ന് കമ്പനി സൂചിപ്പിച്ചിട്ടുണ്ട്.

Advertisements

 

അതേസമയം, ഐ ഫോണ്‍ 16 സിരീസ് സെപ്റ്റംബറില്‍ ആപ്പിള്‍ അവതരിപ്പിക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍. ആ മാസം തന്നെ ഫോണിന്റെ വില്‍പനയും തുടങ്ങുമെന്നാണ് നിലവില്‍ അറിയാന്‍ കഴിയുന്നത്. നാല് മോഡലുകള്‍ തന്നെയാണ് പുതിയ ഐഫോണ്‍ 16 സിരീസിലും ഉണ്ടാവുക. ഐഫോണ്‍ 16, ഐഫോണ്‍ 16 പ്ലസ്, ഐഫോണ്‍ 16 പ്രോ, ഐഫോണ്‍ 16 പ്രോ മാക്സ് എന്നിവയാണവ. ഐഫോണ്‍ 16 സിരീസിന് പുറമെ ഐപാഡും, ഐപാഡ് മിനി പ്ലസും, പുതിയ എയര്‍പോഡും ആപ്പിള്‍ പുറത്തിറക്കുന്നുണ്ട്.

Share news